കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെ എസ് ഐ എൻ സി) സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു. കേരള സർക്കാർ ഉടമസ്ഥതയിൽ 1975-ൽ രൂപീകൃതമായ പൊതുമേഖലാ സ്ഥാപനമായ കിൻകോ (KINCO) പ്രവർത്തന രീതിയിൽ മാറ്റം വരുത്തിയാണ് ഇന്നത്തെ കെ എസ് ഐ എൻ സി രൂപീകൃതമായത്. സുവർണ ജൂബിലിയിൽ എത്തിനിൽക്കുന്ന കമ്പനി ലാഭകരമായി പ്രവർത്തിക്കുന്നുണ്ടെന്നും, അത് നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

കമ്പനിയുടെ രൂപീകരണം മുതൽ തന്നെ പ്രാന്തപ്രദേശങ്ങളിൽ യാത്രാ സംവിധാനവും കുടിവെള്ള വിതരണവും ലഭ്യമാക്കുന്നുണ്ട്. ഇതുകൂടാതെ ഉൾനാടൻ ജലഗതാഗതം പ്രയോജനപ്പെടുത്തി ഫാക്ട് (FACT) അമ്പലമുകളിലേക്കും ഉദ്യോഗമണ്ഡലിലേക്കും വില്ലിംഗ്ടൺ ഐലൻ്റിൽ നിന്നും ചരക്ക് നീക്കം സാധ്യമാക്കുകയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കപ്പലുകൾക്ക് ഇന്ധനം നിറക്കുന്ന ജോലികളും കമ്പനിയുടെ സ്വന്തം ബാർജുകൾ ഉപയോഗപ്പെടുത്തി കെ.എസ്.ഐ.എൻ.സി. നടത്തി വരുന്നു.

കഴിഞ്ഞ മൂന്ന് ദശകങ്ങളായി കൊച്ചിയുടെ കടൽ/കായൽ ടൂറിസത്തിൻ്റെ പ്രധാന ഭാഗമായി കമ്പനി മാറി. കൊച്ചിയിലെ തന്നെ ഏറ്റവുമധികം പ്രചാരം നേടിയ കപ്പലുകളിൽ ഒന്നായി നെഫർറ്റിറ്റി എന്ന കപ്പലും, സാഗരറാണി, സൂര്യംശു, മിഷേൽ, ക്ലിയോപാട്ര എന്നീ ബോട്ടുകളും മാറി എന്നതും തീർത്തും അഭിമാനകരമാണ്. കൂടാതെ ആറ് ബോട്ടുകൾ ഒരേ സമയം അറ്റകുറ്റപ്പണികളും നിർമ്മാണവും നടത്താൻ കഴിയുന്ന കമ്പനിയുടെ തോപ്പുംപടിയിലുള്ള യാർഡും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇതോടൊപ്പം FRP ബോട്ട് നിർമ്മാണത്തിനായിട്ടുള്ള യാർഡും ഉടൻ പ്രവർത്തന സജ്ജമാകും. ഇത് കൂടാതെ കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള വൈപ്പിൻ – ഫോർട്ട്കൊച്ചി റോ-റോ സർവ്വീസും ഐ ഡബ്ല്യു എ ഐ(IWAI) യുടെ ഉടമസ്ഥതയിലുള്ള കണ്ടെയ്നർ റോ-റോ സർവ്വീസും കമ്പനി നടത്തി വരുന്നു.

