വി ഡി സതീശനെതിരെ പറവൂരിൽ എസ് സതീഷ് അല്ലെങ്കിൽ വി എസ് സുനിൽ കുമാർ ;മത്സരം കടക്കുമോ ?

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടർച്ചയായി വിജയിക്കുന്ന എറണാകുളം ജില്ലയിലെ പറവൂരിൽ ഇക്കുറി സിപിഎം ജില്ലാ സെക്രട്ടറി എസ് സതീശനെ മത്സരിപ്പിക്കാൻ സാധ്യത.പറവൂർ സീറ്റ് ഇടതു മുന്നണിയിലെ സിപിഐ യാണ് പരമ്പരാഗതമായി മത്സരിക്കുന്നത്.സിപിഐയിൽ നിന്നും ഈ സീറ്റ് വാങ്ങി മറ്റൊരു സീറ്റ് സിപിഐയ്ക്ക് നൽകാനാണ് സിപിഎം നേതാക്കൾ ആലോചിക്കുന്നത്.അതിനു സിപിഐ നേതൃത്വം സമ്മതിക്കുമോ എന്ന് കണ്ടറിയണം.സിപിഐ തന്നെ മത്സരിച്ചാൽ വി ഡി സതീശനെതിരെ സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ് സുനിൽകുമാർ മത്സരിച്ചേക്കും.

പറവൂർ നിയമസഭാമണ്ഡലത്തിൽ നിന്നും 2001 മുതലാണ് വി ഡി സതീശൻ തുടർച്ചയായി വിജയിക്കുന്നത്.ഏതാണ്ട് കാൽനൂറ്റാണ്ടായി അദ്ദേഹം പറവൂരിലെ എംഎൽഎ യാണ് .പറവൂർ പരമ്പരാഗതമായി ഇടതിനു വിശിഷ്യ സിപിഎമ്മിനു സ്വാധീനമുള്ള മണ്ഡലമാണ്.വി ഡി സതീശൻ മത്സരിക്കുന്നത് കൊണ്ട് മാത്രമാണ് ഈ സീറ്റിൽ കോൺഗ്രസിനു വിജയിക്കാൻ കഴിയുന്നത്.

തോൽവിയോടെയാണ് സതീശൻ പറവൂരിൽ തുടക്കം കുറിച്ചത്.1996 ലെ തെരെഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎ സിപിഐയുടെ പി രാജുവിനോടാണ് സതീശൻ പരാജയപ്പെട്ടത്. 2001 ൽ സതീശൻ പി രാജുവിനെ പരാജയപ്പെടുത്തി.2006 ൽ സിപിഐ നേതാവ് കെ എം ദിനകാരനെയാണ് തോൽപ്പിച്ചത്.2011 ൽ സിപിഐഎയുടെ സംസ്ഥാന നേതാവ് പന്ന്യൻ രവീന്ദ്രൻ വി ഡി സതീശനെതിരെ മത്സരിച്ചെങ്കിലും 11 349 വോട്ടുകൾക്കാണ് സതീശൻ വിജയിച്ചത്.2016 ൽ ഇടതു തരംഗത്തിലും സതീശൻ വലിയ ഭൂരിപക്ഷം നേടി .അന്ന് മുൻ മുഖ്യമന്ത്രിയും സിപിഐയുടെ സമുന്നത നേതാവ് പികെവിയുടെ മകൾ ശാരദ മോഹൻ ആയിരുന്നു സതീശന്റെ എതിർ സ്ഥാനാർഥി.20634 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സതീശന്റെ ജയം.2021 ൽ സിപിഐഎയുടെ പ്രാദേശിക നേതാവ് എം ടി നിക്‌സൺ ആയിരുന്നു എതിർ സ്ഥാനാർഥി.അപ്പോൾ സതീശൻ 21 ,301 വോട്ടുകളുടെ ഭൂരിപക്ഷമാണ് സതീശൻ നേടിയത്.

2026 ലെ തെരെഞ്ഞെടുപ്പിൽ വി ഡി സതീശനെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണെങ്കിലും ശക്തമായ മത്സരത്തിലൂടെ സതീശനെ പറവൂരിൽ തളച്ചിടാൻ കഴിയും.അതോടെ സതീശന് കേരളം മുഴുവൻ തെരെഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള സാഹചര്യം നഷ്ടപ്പെടുകയും ചെയ്യും .അതാണ് സിപിഎം ആവിഷ്ക്കരിക്കുന്ന തന്ത്രം.അതേസമയം അനായാസം ജയിക്കുന്ന തൃക്കാക്കര പോലുള്ള മണ്ഡലത്തിലേക്ക് വി ഡി സതീശൻ മാറുന്ന കാര്യവും തള്ളിക്കളയാനാവില്ല.

സിപിഎം പറവൂർ സീറ്റ് എടുത്താൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ ഡിവൈഎഫ്ഐ നേതാവുമായ എസ് സതീശൻ സ്ഥാനാർത്ഥിയാകും.പറവൂരിൽ സിപിഎമ്മിന്റെ സ്ഥാനാർഥി വന്നാൽ കടുത്ത മത്സരമായിരിക്കും നടക്കുക.ബിജെപിക്കും സ്വാധീനമുള്ള മണ്ഡലമാണിത്. സിപിഐ തന്നെയാണ് പറവൂരിൽ മത്സരിക്കാൻ തീരുമാനിച്ചാൽ മുൻ മന്ത്രി വി എസ് സുനിൽ കുമാർ സ്ഥാനാര്ഥിയാകുമെന്നും കേൾക്കുന്നു.കഴിഞ്ഞ തവണ നിയമസഭ തെരെഞ്ഞെടുപ്പിൽ രണ്ടു തവണ എംഎൽഎമാരായവർക്ക് സീറ്റ് നൽകേണ്ടെന്ന് സിപിഐ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വിഎസ് സുനിൽകുമാറിനു സീറ്റ് കിട്ടിയില്ല.കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിക്കെതിരെ മത്സരിച്ച് സുനിൽകുമാർ പരാജയപ്പെട്ടു.ഇവിടെ കെ മുരളീധരൻ മൂന്നാമതായി.