വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ സ്വയം പ്രഖ്യാപനങ്ങൾ നടത്തരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സുൽത്താൻ ബത്തേരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ എന്ന ദ്വിദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ഔദ്യോഗികമായി തീരുമാനമെടുക്കുന്നത് വരെ നേതാക്കൾ കാത്തിരിക്കണമെന്നും പൊതുവേദികളിൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചർച്ചകൾ നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി നേതൃത്വവുമായി ചർച്ചകൾ നടത്താൻ എല്ലാ നേതാക്കൾക്കും സ്വാതന്ത്ര്യമുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. “നിങ്ങൾക്ക് നേതൃത്വത്തിന് മുന്നിൽ ആവശ്യങ്ങൾ ഉന്നയിക്കാം, അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്താം. എന്നാൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ പൊതുവേദികളിൽ പരിമിതപ്പെടുത്തണം. പാർട്ടിയുടെ പ്രഖ്യാപിത തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്,” അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് വളരെ മുൻപ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിൽ രഹസ്യമായ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് വേണുഗോപാൽ ആരോപിച്ചു. തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന പിണറായി വിജയന്റെ ആത്മവിശ്വാസം തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തോടെ തകർന്നു. എങ്കിലും പിണറായി അടങ്ങിയിരിക്കില്ലെന്നും അണിയറയിൽ പല ചർച്ചകളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേരള സർക്കാർ കാണിക്കുന്ന തിടുക്കം ഈ രണ്ട് പാർട്ടികളും തമ്മിലുള്ള അവിശുദ്ധ കരാറിന്റെ തെളിവാണ്. ഈ സഖ്യം ഇരുപാർട്ടികളിലെയും സാധാരണ പ്രവർത്തകർക്ക് ഇഷ്ടമല്ലെന്നും ചില നേതാക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിനെയും ബിജെപിയെയും ഒരേപോലെ നേരിടാൻ കോൺഗ്രസിനും യുഡിഎഫിനും സാധിക്കുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചതായി വേണുഗോപാൽ പറഞ്ഞു.

“സിപിഎമ്മും ബിജെപിയും കൈകോർത്താലും അവരെ നേരിടാൻ യുഡിഎഫിന് കഴിയുമെന്ന ആത്മവിശ്വാസം പ്രവർത്തകർക്ക് ലഭിച്ചു. എന്നാൽ ഈ വിജയം നമ്മളെ കൂടുതൽ വിനീതരാക്കണം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. അടുത്ത നാല് മാസക്കാലം ജനങ്ങൾക്കിടയിൽ കൂടുതൽ വിനയത്തോടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം,” അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്നതിനാണ് ‘ലക്ഷ്യ 2026’ സംഘടിപ്പിച്ചിരിക്കുന്നത്. കെപിസിസി നേതാക്കൾ, പാർട്ടി എംഎൽഎമാർ, എംപിമാർ, പോഷക സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയ പ്രമുഖ നേതാക്കൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ 50 ശതമാനം സ്ഥാനാർത്ഥികൾ സ്ത്രീകളും യുവാക്കളുമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകളും സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളും ക്യാമ്പിൽ ചർച്ചയാകും. ഭരണവിരുദ്ധ വികാരം വോട്ടായി മാറ്റുന്നതിനും താഴെത്തട്ടിൽ സംഘടനയെ സജ്ജമാക്കുന്നതിനുമുള്ള കർമ്മപദ്ധതികൾക്കും ലക്ഷ്യ 2026 രൂപം നൽകും.

