ഓർമ്മകളുടെ ‘മഹാരാജാസ്’;അക്ഷരമുറ്റത്ത് വീണ്ടും വസന്തം തീർത്ത് പൂർവ്വ വിദ്യാർത്ഥി സംഗമം

കാലം മായ്ക്കാത്ത ഓർമ്മകളും, മായാത്ത കലാലയ സ്നേഹവുമായി അവർ വീണ്ടുമെത്തി. മഹാരാജാസ് കോളേജിന്റെ ശതോത്തര സുവർണ്ണ ജൂബിലി (150-ാം വാർഷികം) ആഘോഷങ്ങളുടെ നിറവിൽ, മലയാള വിഭാഗം സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം തലമുറകളുടെ അപൂർവ്വ സംഗമവേദിയായി.

ഇംഗ്ലീഷ് മെയിൻ ഹാളിൽ നടന്ന ചടങ്ങ്, മഹാരാജാസിന്റെ ചരിത്രത്തിലെ തന്നെ വേറിട്ടൊരു അധ്യായമായി മാറി. 1925-ൽ മലയാള വിഭാഗം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന മുതിർന്ന തലമുറ മുതൽ, ഇക്കഴിഞ്ഞ അധ്യയന വർഷം പഠിച്ചിറങ്ങിയ ഏറ്റവും പുതിയ ബാച്ചിലെ വിദ്യാർത്ഥികൾ വരെ ഈ സ്നേഹസംഗമത്തിന്റെ ഭാഗമായി എന്നത് ചടങ്ങിന് മാറ്റുകൂട്ടി.

പഴയകാല സ്മരണകൾ പങ്കുവെക്കുന്നതിനിടെ 1958-61 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയായ മുരളീധരൻ വേദിയിൽ വികാരഭരിതനായി. എ.കെ. ആന്റണി, വയലാർ രവി, ടി.വി.ആർ. ഷേണായി തുടങ്ങിയ പ്രമുഖർക്കൊപ്പമുള്ള കലാലയ ജീവിതവും സൗഹൃദവും അദ്ദേഹം ഓർത്തെടുത്തപ്പോൾ സദസ്സ് മുഴുവൻ ആ പഴയ കാലഘട്ടത്തിലേക്ക് തിരികെ നടന്നു.

പൂർവ്വ വിദ്യാർത്ഥിയും പിന്നീട് ഇതേ വിഭാഗത്തിലെ അധ്യാപകനുമായിരുന്ന ഡോ. ജോർജ് ഇരുമ്പയം, എം.കെ. ശശീന്ദ്രൻ, ആർ.കെ. ദാമോദരൻ, എം.വി. ബെന്നി, ഡോ. ടി.എസ്. ജോയ് തുടങ്ങിയ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ട കലാലയത്തെക്കുറിച്ചും മലയാളം ക്ലാസ്സിലെ അനുഭവങ്ങളെക്കുറിച്ചും അവർ വാചാലരായി.

ശിഷ്യരെ കാണാനും അനുഗ്രഹിക്കാനും പഴയകാല അധ്യാപകരും എത്തിയിരുന്നു. റിട്ടയേർഡ് അധ്യാപകരായ ഡോ. ധനലക്ഷ്മി ടീച്ചർ, ബാബുജി സാർ, മാർഗററ്റ് ജോർജ്, പി. രമാദേവി, സിൽവിക്കുട്ടി ജോസഫ്, എസ്. ജോസഫ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് ഗൃഹാതുരത്വത്തിന്റെ മധുരം പകർന്നു. പ്രിയപ്പെട്ട ഗുരുക്കന്മാരെ കണ്ടപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

ഇംഗ്ലീഷ് മെയിൻ ഹാളിന്റെ പ്രൗഢമായ അന്തരീക്ഷത്തിൽ പഴയ തമാശകളും, ക്ലാസ് കട്ട് ചെയ്ത കഥകളും, കാമ്പസ് പ്രണയങ്ങളും വീണ്ടും ചർച്ചയായി. സൗഹൃദത്തിന്റെ മധുരം പങ്കിട്ടും, വരും കാലങ്ങളിലും ഈ കൂട്ടായ്മ നിലനിർത്തുമെന്ന ഉറപ്പു നൽകിയുമാണ് പൂർവ്വ വിദ്യാർത്ഥികൾ പടിയിറങ്ങിയത്.

കോളേജ് പ്രിൻസിപ്പാൾ ഡോ. ജി.എൻ. പ്രകാശ് അധ്യക്ഷനായ ചടങ്ങിൽ വകുപ്പ് അധ്യക്ഷ ഡോ സുമി ജോയി ഒലിയപ്പുറം, കോളേജ് ഗവേർണിംഗ് ബോഡി അംഗം ഡോ. എം എസ് മുരളി, അലൂമിനി അസോസിയേഷൻ കോഡിനേറ്റർ സിമി കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു.