ഇടതു മുന്നണിയുടെ എംഎൽഎ യും മുൻ മന്ത്രിയുമായ ആന്റണി രാജുവിനു മൂന്നു വർഷം തടവ് ;എംഎൽഎ സ്ഥാനം തെറിക്കും

തൊണ്ടിമുതലായ അടിവസ്ത്ര തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി ഒന്നാം പ്രതി കെഎസ് ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷനെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി വന്നതോടെ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. ആറ് വര്‍ഷം വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടാകും. കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് കേസില്‍ വിധി വന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎല്‍എ. താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ആന്റണി രാജു പറഞ്ഞു.

ഒന്നാം പ്രതി കെഎസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.

1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസില്‍ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. പത്തൊന്‍പത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയില്‍ നിന്ന് നീക്കിയിരുന്നു ഒഴിവാക്കിയിരുന്നു.