കേരള രാഷ്ട്രീയ വൃത്തത്തെത്തന്നെ ഞെട്ടിച്ചായിരുന്നു ജന്മഭൂമിയുടേയും ചന്ദ്രികയുടേയും എഡിറ്റോറിയൽ പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ ഔദ്യോഗിക മുഖപത്രമായ ജന്മഭൂമി ജനുവരി ഒന്നിന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ (ഐയുഎംഎൽ) മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് അതിന്റെ കണ്ണൂർ-കാസർകോട് മേഖലാ പതിപ്പിൽ പ്രസിദ്ധീകരിച്ചു.ജന്മഭൂമി ബിജെപിയുടെ മുഖ പത്രമാണ്.വരും കാലങ്ങളിൽ ഇവർ തമ്മിലുള്ള ഐക്യത്തിന്റെ മുന്നോടിയാണോ ഇത്.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾക്ക് കണ്ണൂരിലെ ഒരു പാർട്ടി പ്രവർത്തകൻ തന്റെ ലേഖനം ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പിശക് പുറത്തുവന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആദ്യം അതൊരു തമാശയായി തള്ളിക്കളഞ്ഞ തങ്ങൾ, പിന്നീട് തന്റെ ലേഖനം ബിജെപി അനുകൂല ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.ജന്മഭൂമിയുടെ എഡിറ്റോറിയൽ പേജിൽ തങ്കലിന്റെ ലേഖനത്തോടൊപ്പം, IUML നേതാവ് MK മുനീറിന്റെ ലേഖനങ്ങളും ‘A left front in cumbles’ എന്ന തലക്കെട്ടിലുള്ള ഒരു എഡിറ്റോറിയലും അച്ചടിച്ചു. പത്രത്തിന്റെ മറ്റെല്ലാ പേജുകളും മാറ്റമില്ലാതെ തുടർന്നു.
അച്ചടിക്കിടെയുണ്ടായ സാങ്കേതിക പിഴവാണ് സംഭവത്തിന് കാരണമെന്ന് വൃത്തങ്ങൾ അറിയിച്ചു. രണ്ട് പത്രങ്ങളും ഒരേ പ്രസ്സിൽ അച്ചടിച്ചതായി റിപ്പോർട്ടുണ്ട്. കണ്ണൂർ, കാസർകോട് പതിപ്പുകളിൽ മാത്രമാണ് ആശയക്കുഴപ്പം ഉണ്ടായത്.

ഈ പോക്ക് പോയാൽ മനോരമ എഡിറ്റ് പേജ് മാതൃഭൂമിയിലും അച്ചടിച്ച് വരുന്ന കാലം വിദൂരമല്ല. അത്രക്ക് പ്രതിസന്ധിയാണ് അച്ചടി മാധ്യമ രംഗം നേരിടുന്നത്. സ്വന്തം പ്രസ്സിലല്ല രാവിലെ നാം കാണുന്ന പല പത്രങ്ങളും അച്ചടിക്കുന്നതെന്ന് പല വായനക്കാർക്കും അറിയില്ല. കോഴിക്കോട്ടെ ചന്ദ്രിക പ്രസിലാണ് മംഗളം അടിക്കുന്നത്.
കോഴിക്കോട്ട് നിന്നിറങ്ങുന്ന ജനയുഗം, ദീപിക പത്രങ്ങൾ പ്രിൻ്റ് ചെയ്യുന്നത് ജോസഫ് റോഡിലെ ചെന്താരകം പ്രസ്സിലാണ്. കേരള കൗമുദി ഈസ്റ്റ്ഹില്ലിലെ ന്യൂ ഇന്ത്യൻ എക്സ്പ്രസിലാണ് അടിക്കുന്നത്. ചന്ദ്രികയുടെ കൊച്ചി, തിരുവനന്തപുരം എഡിഷനുകളിലെ വാർത്തകൾ ആരാൻ്റെ പ്രസ്സുകളിലാണ് മഷി പുരളുന്നത്. കണ്ണൂരിലെ ചന്ദ്രികയുടെ സ്പേസ് മറ്റൊരു പ്രസ്സുകാർക്ക് വാടകക്ക് കൊടുത്തിരിക്കയാണ്.

അവിടെ നിന്നാണ് കണ്ണൂരിലെ ജന്മഭൂമിയും ചന്ദ്രികയും ഉൾപ്പെടെ മൂന്ന് പത്രങ്ങൾ അടിക്കുന്നത് എന്നാണ് അറിയുന്നത്. തെറ്റ് പറ്റിയത് പക്ഷേ സി.ടി.പി പ്ലേറ്റ് പ്രോസസിംഗിലാണ്. അത് മറ്റൊരിടത്താണ് ചെയ്യുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ ചില വായനക്കാർക്ക് ഒരു സംശയമുണ്ടാവും. ഓരോ പത്രത്തിൻ്റെയും പതിനായിരക്കണക്കിന് കോപ്പികൾ എങ്ങനെ ഒരേ പ്രസ്സിൽ നിന്ന് പ്രിൻ്റ് ചെയ്യാൻ കഴിയും എന്ന്. ഈ സംശയത്തിൻ്റെ മറുപടി പറഞ്ഞ് വീണ് കിടക്കുന്നവരെ ചവിട്ടാൻ മിനക്കെടുന്നില്ല. എം.പി. വിരേന്ദ്രകുമാർ നേരിട്ട് ചെന്ന് പ്രതിഷേധമറിയിച്ചിട്ടും മാധ്യമം മാനേജ്മെൻ്റ് ജീവനക്കാരുടെ ക്ലാസ് അഞ്ചിൽ നിന്ന് നാലായി ഉയർത്തിയവരാണ്.

കൂടാതെ ഏതാണ്ടെല്ലാ കാർക്കൂനുകളും റുക്നുകളും പത്രത്തിൻ്റെ ജീവനക്കാരാവുകയും ചെയ്തു. ഇതിൻ്റെ ഭാരം കൂടി താങ്ങാൻ കഴിയാതെയാണ് ഇപ്പോഴവർ ചക്രശ്വാസം വലിക്കുന്നത്. പല പത്രങ്ങൾക്കും പ്രസ്സ് പോയിട്ട് ജേണലിസ്റ്റുകൾക്ക് പോലും ശമ്പളം കൊടുക്കാൻ കഴിയുന്നില്ല. ഉള്ളവരധികവും കരാർ ജീവനക്കാരുമാണ്. കോപ്പികൾ കുത്തനെ ഇടിയുന്നു. കോപ്പികളുടെ എണ്ണത്തെക്കുറിച്ച് മനോരമയും മാതൃഭൂമിയും പരസ്പരം അവകാശവാദം ഉന്നയിക്കുന്നത് ഇപ്പോൾ കാണാത്തത് അതുകൊണ്ടാണ്. പാർട്ടി പത്രങ്ങൾക്കാണ് പിന്നെയും കോപ്പി കൂടുന്നത്. അതുകൊണ്ടാണ് സർക്കുലേഷനിൽ ദേശാഭിമാനി മൂന്നാം സ്ഥാനത്തുള്ളത്. പരസ്യക്കാർക്ക് അച്ചടി മാധ്യമങ്ങളെ വേണ്ടാതായി. ഏറെത്താമസിയാതെ അവർ ടെലിവിഷനുകളെ പോലും കയ്യൊഴിയും.

സയ്യിദ് സാദിക്കലി ശിഹാബ്
കണ്ണൂരിൽ അച്ചടിച്ച പത്രത്തിൻ്റെ ആദ്യ കോപ്പി ജന്മഭൂമിയിലെ എഡിറ്റോറിയൽ സ്റ്റാഫിൽ ഒരുത്തൻ പോലും പരിശോധിച്ചില്ല എന്നത് അവരുടെ വായനക്കാരോടുള്ള പ്രതിബദ്ധതയെ കാണിക്കുന്നു. എഡിറ്റോറിയൽ ഓഫീസ് ഒരിടത്തും പ്രസ് മറ്റൊരിടത്തുമാവുമ്പോൾ പ്രത്യേകമായി ഒരു സബ് എഡിറ്ററെ ഏർപ്പെടുത്താൻ മാത്രം സ്റ്റാഫും ഉണ്ടായിക്കൊള്ളണമെന്നില്ല. ഈ അബദ്ധം BJP – ലീഗ് ഡീലാണെന്ന നിലയിൽ പോസ്റ്റിടുന്ന ജലീലുമാർ അവരുടെ ഫോളോവേഴ്സിൻ്റെ നിലവാരത്തെക്കുറിച്ച് കൃത്യമായ ബോദ്ധ്യമുള്ളവരാണ് എന്നതും അടിവരയിടേണ്ടതാണ്.
രാജീവ് ചന്ദ്ര ശേഖർ

