വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ വിവാദത്തിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമ്പതു ലക്ഷം രൂപ നൽകി ആളെപ്പിടിക്കേണ്ട കാര്യം പാർട്ടിക്കില്ലെന്നും അധികാരത്തിൽ വരാൻ അവിഹിതമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് സ്വതന്ത്രന് ഇ യു ജാഫര്‍
അതേസമയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വടക്കാഞ്ചേരിയിലെ വിവാദത്തില്‍ മലക്കം മറിഞ്ഞ് ലീഗ് സ്വതന്ത്രന് ഇ യു ജാഫര്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാന്‍ എല്‍ഡിഎഫ് കോഴ വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തിയ ശബ്ദസംഭാഷണം വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത് അബദ്ധത്തില്‍ ആണെന്നാണ് ഇ യു ജാഫറിന്റെ പുതിയ വിശദീകരണം. പിന്തുണ തേടി സിപിഎം നേതാക്കള്‍ വിളിച്ചിട്ടില്ല. വോട്ട് ചെയ്യാന്‍ ആരും പ്രേരിപ്പിച്ചിട്ടുമില്ല. ഒരു ഡീലും ഇല്ലെന്നും ജാഫര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രേരണയുടെ പുറത്തുമല്ല വോട്ട് ചെയ്തതത്. നാട്ടില്‍ സിപിഎമ്മിനെ എതിര്‍ക്കുന്ന വ്യക്തിയാണ് ഞാനാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് പ്രതിഷേധ പ്രകടനം ഉള്‍പ്പെടെ നടന്ന സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നത്. വോട്ട് മാറിപ്പോയത് തന്റെ ഭാഗത്ത് വന്ന തെറ്റാണ് ഇക്കാര്യം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് ഉള്‍പ്പെടെ തയ്യാറാണ്, ആരുടെ കയ്യില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ ആര്‍ക്കും പരിശോധിക്കാം. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്നും ഇ യു ജാഫര്‍ പറഞ്ഞു.
