സിപിഐ എൽഡിഎഫ് വിടുമോ ? കോൺഗ്രസുമായി സഹകരിക്കുമോ ? 45 വർഷത്തെ മുന്നണി ബന്ധം അവസാനിക്കുമോ ?

ഇടതു മുന്നണിയിൽ നിന്നും സിപിഐ മറുകണ്ടം ചാടുമോ എന്ന് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നു .അടുത്ത കാലത്ത് ഉണ്ടായ സംഭവികാസങ്ങളാണ് അതിനു ഹേതുവായത്.

എന്തുകൊണ്ട് സിപിഐ വളരുന്നില്ല എന്ന ചോദ്യത്തിനു പല സിപിഐ നേതാക്കളും രഹസ്യമായി പറയുക സിപിഎമ്മുമായി സഹകരിക്കുന്നതുകൊണ്ടാണ്.സിപിഐയെ വളരാൻ സമ്മതിക്കാത്തത് സിപിഎം ആണെന്നാണ് സിപിഐയിലെ ഭൂരിപക്ഷവും വിശ്വസിക്കുന്നത്.പല സ്ഥലങ്ങളിലെ ഗ്രാമ പഞ്ചായത്തുകളിലും സഹകരണ ബാങ്കുകളിലും സിപിഎമ്മിനെതിരെ കോൺഗ്രസിനോട് ചേർന്ന് നിന്നുകൊണ്ട് സിപിഐ മത്സരിക്കുകയും ജയിക്കുകയും ഭരിക്കുകയും ചെയ്യുന്നുണ്ട്.സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തെ ചോദ്യം ചെയ്യുകയാണ് പല സ്ഥലങ്ങളിലും സിപിഐ ചെയ്യുന്നത്.

സിപിഐ യുടെ യോഗങ്ങളിൽ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് നടക്കുന്നത്.ബിജെപിയുമായുള്ള സിപിഎമ്മിന്റെ രഹസ്യ ബാന്ധവത്തെക്കുറിച്ച് സിപിഐ വിമർശിക്കുന്നുണ്ട്.

പിഎം ശ്രീയിൽ ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ പിണറായി വിജയൻറെ താൽപ്പര്യ പ്രകാരം ഒപ്പുവെച്ചത് വിവാദമായിരുന്നു .അതോടെ സിപിഎമ്മിനെതിരെ നിലപാട് എടുക്കാൻ സിപിഐ നിർബന്ധിതമായി .പിഎം ശ്രീ കരാർ മരവിപ്പിച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കണ്ടപ്പോഴാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കീഴടങ്ങിയത്.

ഏറ്റവും ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സിപിഐ യോഗത്തിൽ വിമർശനം ഉയർന്നത് വാർത്തയായി.മുഖ്യമന്ത്രിയാണ് തോൽവിക്ക് പ്രധാനകാരണം എന്ന സിപിഐ യുടെ നിലപാട് പുറത്ത് വന്നപ്പോഴാണ് വെള്ളാപ്പള്ളി നടേശൻ ചതിയൻ ചന്തു എന്ന പ്രയോഗം നടത്തിയത്.സിപിഐക്കെതിരെ മോശം പരാമർശം നടത്തിയിട്ടും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ പ്രതികരിച്ചില്ല.ഇതിൽ സിപിഐ ക്ഷുഭിതരാണ്.അതുകൊണ്ട് പുതിയ സിപിഎം വിരുദ്ധ നിലപാട് സ്വീകരിക്കാനാണ് സിപിഐ യുടെ ഉന്നതങ്ങളിൽ ചർച്ച നടക്കുന്നത്.ഇങ്ങനെ പോയാൽ സിപിഐയുടെ നിലനിൽപ്പ് തന്നെ അഖ്‌പകടത്തിലാകുമെന്നാണ് സിപിഐ നേതാക്കൾ കരുതുന്നത്.

കമ്യുണിസ്റ്റ് ഐക്യത്തിനു വേണ്ടിയാണ് സിപിഐ 1978 ൽ സിപിഎമ്മുമായി സഹകരിച്ചത്.കോൺഗ്രസ് മുന്നണിയിലായിരുന്ന സിപിഐ സഹകരണത്തിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ത്യജിക്കുകയായിരുന്നു.അങ്ങനെയാണ് സിപിഐയുടെ പികെ വാസുദേവൻ നായർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

പി കെ വാസുദേവൻ നായർ

1969 മുതലാണ് ഇടതു ചേരി വിട്ട് സിപിഐ കോൺഗ്രസ് നേതൃത്വം നൽകുന്ന ചേരിയിൽ എത്തിയത്.അന്ന് എൽഡിഎഫ് യുഡിഎഫ് എന്ന മുന്നണികൾ ഇല്ല.1980 ലാണ് ഈ മുന്നണികൾ രൂപീകരിക്കുന്നത്. 1969 ൽ സിപിഎം വിട്ട സിപിഐ കോൺഗ്രസുമായി ചേർന്ന് ഭരണം നടത്തി.1969 ലെ ഇടക്കാല സർക്കാരിൽ സിപിഐ യുടെ സി അച്യുത മേനോൻ ആയിരുന്നു മുഖ്യമന്ത്രി.1970 ൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സിപിഐ കോൺഗ്രസ് മുന്നണിതെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി .

സി അച്യുത മേനോൻ രണ്ടാമത് മുഖ്യമന്ത്രിയായി.1977 ൽ ഇതേ മുന്നണി തെരെഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി .അന്ന് കരുണാകരൻ മുഖ്യമന്ത്രിയായി .ഏതാനും ദിവസങ്ങൾക്കുള്ളതിൽ രാജൻ കേസിനെ തുടർന്ന് കോടതിയിൽ നിന്നുണ്ടായ പരാമർശം മൂലം കരുണാകരൻ രാജിവെച്ചു .എ കെ ആന്റണി മുഖ്യമന്ത്രിയായി.ഒന്നര വർഷത്തിനുശേഷം ആന്റണി രാജിവെച്ചു .അതിനു ശേഷം സിപിഐ യുടെ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി. 1978 ഒക്ടോബർ 29 മുതൽ 1979 ഒക്ടോബർ 7 വരെയാണ് പികെവി മുഖ്യമന്ത്രിയായത്.കമ്യുണിസ്റ്റ് ഐക്യത്തിന് വേണ്ടി പികെവി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.തുടർന്നാണ് മുസ്ലിം ലീഗിന്റെ സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായത്.

സിപിഐ വന്ന ശേഷമാണ് സിപിഎം അധികാരത്തിലെത്തിയത്.1967 ൽ സിപിഎമ്മിന്റെ ഇ എം എസ് സർക്കാരിൽ സിപിഐയും ഉണ്ടായിരുന്നു.1964 ലാണ് കമ്യുണിസ്റ്റ് പാർട്ടി പിളർന്നത്.അതിനു മുമ്പ് 1957 ൽ ഇ എം എസ് സർക്കാർ അവിഭക്ത കമ്യുണിസ്റ്റ് പാർട്ടിയുടേതായിരുന്നു.സിപിഐ സിപിഎമ്മുമായി സഹകരിച്ച് തുടങ്ങിയതിനെ തുടർന്നാണ് 1980 ഇടതുമുന്നണി അധികാരത്തിലെത്തിയത് .45 വർഷമായി സിപിഎമ്മും സിപിഐയും തമ്മിലുളള സഖ്യം തുടരുകയാണ്.ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും സിപിഐയുടെ ഒരാൾ പോലും മുഖ്യമന്ത്രിയായില്ല.വലിയ തോതിൽ വളരാനും കഴിഞ്ഞില്ല.കോൺഗ്രസുമായി സഹകരിച്ച സമയത്ത് സിപിഐയ്ക്ക് മുഖ്യമന്ത്രി പദവി കിട്ടുകയും പാർട്ടി വളരുകയും ചെയ്‌തു .കേരളം വിട്ടാൽ സിപിഐ,സിപിഎം പാർട്ടികൾ കോൺഗ്രസ് മുന്നണിയിലെ ഘടകക്ഷികളാണ്.അതുകൊണ്ട് സിപിഎം വിട്ട് കോൺഗ്രസുമായി സഹകരിച്ചാൽ പാർട്ടി വളരും.സിപിഐയെ സ്വീകരിക്കാൻ കോൺഗ്രസിനും താൽപ്പര്യമാണ്.