കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് സമവാക്യം ;രമേശും കെ സിയും കൈ പിടിക്കുന്നു.എന്താണ് ഇവർ തമ്മിലുള്ള ധാരണ ?

മൂന്നു മാസങ്ങൾക്കു ശേഷം നടക്കാൻ പോകുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് സമവാക്യം രൂപം കൊള്ളുന്നതായി സൂചന.

കോൺഗ്രസിൽ ഗ്രൂപ്പുകൾ ഉണ്ടായിട്ട് നിരവധി വർഷങ്ങളായി .അഖിലേന്ത്യാ തലത്തിൽ ജവഹർ ലാൽ നെഹ്‌റു,സുഭാഷ് ചന്ദ്ര ബോസ് ,സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു.കേരളത്തിൽ 1957 നു ശേഷം ശക്തമായ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു.സികെജി,ആർ .ശങ്കർ ,പി ടി ചാക്കോ ,കെ സി എബ്രഹാം മാസ്റ്റർ എന്നിവർ നേതൃത്വം നൽകിയ ഗ്രൂപ്പുകൾ ശക്തമായിരുന്നു .

1977 നു ശേഷമാണ് കരുണാകരന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പും എ കെ ആന്റണിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പും ശക്തമായത്.92 ൽ കരുണാകരന്റെ കാർ അപകടത്തിന് ശേഷമാണ് കോൺഗ്രസിൽ ഐ ഗ്രൂപ്പിൽ പിളർപ്പുണ്ടാവുകയും തിരുത്തൽ വാദി ഗ്രൂപ്പ് ഉദയം ചെയ്‌തത്‌ .അതിനു തൊട്ട് മുമ്പ് എ ഗ്രൂപ്പിലും പിളർപ്പുണ്ടായി.കോൺഗ്രസിലെ ശക്തനായ വയലാർ രവി എ ഗ്രൂപ്പിൽ നിന്നും ഐ ഗ്രൂപ്പിലേക്ക് മരുകയുണ്ടായി.തുടർന്ന് നടന്ന കെ പി സി സി തെരെഞ്ഞെടുപ്പിൽ നിലവിൽ കെപിസിസി പ്രസിഡന്റായ എ കെ ആന്റണിയെ വയലാർ രവി പരാജയപ്പെടുത്തി കെ പി സി സി പ്രസിഡന്റായതോടെയാണ് കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം നടന്നത്.അതോടെ കോൺഗ്രസിൽ ഐ ഗ്രൂപ്പിന്റെ അപ്രമാദിത്വം ആയിരുന്നു.

ചാരക്കേസിനെ തുടർന്ന് കെ കരുണാകരനെ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുകയും ആന്റണിയെ മുഖ്യമന്ത്രിയാക്കിയതോടെയാണ് എ ഗ്രൂപ്പ് കേരളത്തിൽ ഐ ഗ്രൂപ്പിനെ മറികടന്ന് ശക്തമായത്.പിന്നീട് ഐ ഗ്രൂപ്പിനും കരുണാകരനും തിരിച്ചടികളുടെ കാലമായിരുന്നു.ഒടുവിൽ കരുണാകരനും മകൻ മുരളീധരനും കോൺഗ്രസ് വിട്ട് ഡിഐസി എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തതോടെയാണ് ഐ ഗ്രൂപ്പിന്റെ നേതൃത്വം രമേശ് ചെന്നിത്തലയിലെത്തിയത്.അന്ന് കെ സി വേണു ഗോപാലും വി ഡി സതീശനും രമേഷിനോടോപ്പമാണ്.എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടി ,ബെന്നി ബെഹനാൻ ,എം എം ഹസൻ ഉൾപ്പെടെയുള്ളവരും.അതിനു മുമ്പ് കരുണാകരൻ ,എ കെ ആന്റണി എന്നിവരെ വെല്ലുവിളിച്ച് വയലാർ രവി നാലാം ഗ്രൂപ്പിനു നേതൃത്വം നൽകി.ആ ഗ്രൂപ്പിലാണ് കെ സുധാകരൻ ,അജയ് തറയിൽ ഉൾപ്പെടെയുള്ള നേതാക്കൾ.

കരുണാകരനും മുരളിയും തിരിച്ച് കോൺഗ്രസിലെത്തിയെങ്കില്ലും പഴയ ഐ ഗ്രൂപ്പ് അവർക്ക് തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല. കെ സി വേണു ഗോപാൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായതോടെ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം ഉണ്ടായി.കെ സി യുടെ ഒരു ഗ്രൂപ്പ് ഉണ്ടായി.രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറ്റി വി ഡി സതീശൻ വന്നതോടെ വീണ്ടും ഗ്രൂപ്പുകളിൽ മാറ്റം സംഭവിച്ചു.

ഇപ്പോൾ വരാൻ പോകുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ആര് മുഖ്യമന്ത്രിയാകും എന്നതിനെക്കുറിച്ച് ചർച്ചകളും തർക്കങ്ങളും തുടങ്ങി .തുടക്കത്തിൽ മുഖ്യമന്ത്രിയാകാൻ ആറു പേര് രംഗത്തുണ്ടായിരുന്നു.രമേശ് ചെന്നിത്തല,കെ സി വേണു ഗോപാൽ ,വി ഡി സതീശൻ ,കെ സുധാകരൻ ,ശശി തരൂർ ,കെ മുരളീധരൻ എന്നിവരായിരുന്നു.ഇപ്പോൾ .രമേശ് ചെന്നിത്തല,കെ സി വേണു ഗോപാൽ ,വി ഡി സതീശൻ എന്നിവർ മാത്രമാണ്.

വി ഡി സതീശനെ വെട്ടാൻ രമേശ് ചെന്നിത്തലയും കെ സി വേണു ഗോപാലും ഒന്നിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.ഭരണം കിട്ടിയാൽ ആദ്യത്തെ രണ്ടര വർഷം രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും അടുത്ത രണ്ടര വർഷം കെ സി വേണു ഗോപാലും.ഇതാണ് ധാരണ.വി ഡി സതീശൻ ഇതുവരെ മന്ത്രിയായിട്ടില്ല എന്ന അപാകതയും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.മന്ത്രിയാകാത്തയാൾ മുഖ്യമന്ത്രിയാകുന്നത് ശരിയല്ലഎന്നാണ് ഇവരുടെ അനുയായികളുടെ വാദം.നിലവിൽ ഇവരേക്കാൾ ജനകീയ പിന്തുണ വി ഡി സതീശനാണ്.കെ സി വേണുഗോപാൽ കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയായിരുന്നു.രമേശ് ചെന്നിത്തല ഇരുപത്തിയേഴാം വയസിൽ മന്ത്രിയായി.ഇവരുടെ ഭരണ പരിചയം വി ഡി സതീശനില്ലെന്നാണ് വാദം.രമേശും കെ സിയും തമ്മിൽ കൈ കൊടുത്തു കഴിഞ്ഞുയെന്നാണ് ഉപശാലകളിൽ നിന്നുള്ള വൃത്താന്തം .