സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകൾ പിന്നിട്ട ശേഷമുള്ള ഈ ഇടിവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഡിസംബർ 23-ന് ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപ എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട ശേഷം വിപണിയിൽ തുടർച്ചയായ വിലക്കയറ്റമാണ് ദൃശ്യമായിരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പവന് 4600 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 560 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണി വില 1,03,920 രൂപയായി കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി 1,04,440 രൂപ എന്ന റെക്കോർഡ് നിരക്കിലായിരുന്നു വ്യാപാരം നടന്നിരുന്നത്.ഗ്രാമിന് 13,000 രൂപയും കടന്നു മുന്നേറിയ വിലയിൽ ഉണ്ടായ ഈ മാറ്റം വിപണിയിലെ അസാധാരണമായ കുതിപ്പിന് ചെറിയൊരു ഇടവേള നൽകിയിരിക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,990 രൂപയാണ് വില.