ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം നടത്തിയിരുന്നുവെന്ന് ശബരിമല ക്ഷേത്രത്തിൽ സ്വർണ്ണക്കൊള്ള സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചതായി സൂചന . പ്രവാസി വ്യവസായിയാണ് ഇതേക്കുറിച്ച് വിവരം നൽകിയതെന്ന് പറയപ്പെടുന്നു.

സ്വർണക്കൊള്ള കേസിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി ചോദ്യം ചെയ്തു കഴിഞ്ഞു .തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് മണി എന്ന പേരിൽ അറിയപ്പെടുന്നത്.

രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് ശബരിമലയിലെ വസ്തുക്കൾ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഇടനില നിന്ന് വിറ്റെന്നായിരുന്നു വ്യവസായിയുടെ മൊഴി. 2019-20 കാലത്ത് ഡി മണി എന്നയാൾക്ക് വിഗ്രഹങ്ങൾ വിറ്റെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് 1,000 കോടിയുടെ കവർച്ചയാണെന്നും ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രവും ലക്ഷ്യമിട്ടതായും സൂചനകളുണ്ട്.മണിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ് .
