ഒരിക്കൽ പോലും മേയർ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്ന വി കെ മിനിമോൾ അപ്രതീക്ഷിതമായി കൊച്ചി മേയറായതിനു പിന്നിൽ നടന്ന കളികൾ എന്തൊക്കെ ? വരും ദിവസങ്ങളിൽ ഈ കള്ളക്കളികളുടെ ചുരുൾ അഴിയുമെന്നാണ് ഒരു രാഷ്ട്രീയ നേതാവ് ഗ്രീൻ കേരള ന്യൂസിനോട് വെളിപ്പെടുത്തിയത്.മിനിമോളെ മേയറാക്കുന്നതിനു പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒരു പരിധിവരെ ബോധ്യമുള്ളതിനാലാണ് അജയ് തറയിൽ ക്ഷുഭിതനായി മാധ്യമങ്ങളോട് പ്രതികരിച്ചതെന്നാണ് ചിലർ ചൂണ്ടിക്കാണിച്ചത്.കോൺഗ്രസ് പാർട്ടിയുടെ ഉന്നത സമിതിയായ രാഷ്ട്രീയകാര്യ സമിതി അംഗമാണ് അജയ് തറയിൽ.

ദീപ്തി മേരി വർഗീസ് ,വി കെ മിനി മോൾ
കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനാണ് മേയറാവാൻ യോഗ്യത ഉണ്ടായിരുന്നതെന്നാണ് അജയ് തറയിൽ പരസ്യമായി പറഞ്ഞത് . മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത് എസ്എഫ്ഐക്കാരുടെ ഭീഷണിയും മർദ്ദനവും സഹിച്ചാണ് ദീപ്തി മേരി വർഗീസ് കെ എസ് യു പ്രവർത്തനം നടത്തിയത് എന്നും അജയ് തറയിൽ ഓർമപ്പെടുത്തി.
കെപിസിസി മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് ദീപ്തിയെ ഒഴിവാക്കിയത് എന്ന് ദീപ്തി തന്നെ പരോക്ഷമായി മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു .പ്രധാനപ്പെട്ട സ്ഥാനത്തേക്ക് ഒന്നിലധികം ആളുകൾ ഉണ്ടായാൽ സംസ്ഥാന നേതാക്കളെയാണ് പരിഗണിക്കേണ്ടത്.കൂടാതെ തർക്കം വന്നാൽ കെപിസിസി നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി തീരുമാനം കെപിസിസി എടുക്കും.ഈ മാനദണ്ഡങ്ങളാണ് എറണാകുളം കോൺഗ്രസ് ഡിസിസി അധ്യക്ഷൻ ഷിയാസിന്റെ നേതൃത്വത്തിൽ കാറ്റിൽ പറത്തിയത്.
മേയറെ തെരെഞ്ഞെടുത്തത് കോർ കമ്മിറ്റിയാണ് .ഷിയാസ് ,എൻ വേണുഗോപാൽ ,ഡൊമിനിക് പ്രസന്റേഷഷൻ എന്നിവരായിരുന്നു കോർ കമ്മിറ്റിയിലെ അംഗങ്ങൾ .എന്നാൽ ദീപ്തിയടക്കമുള്ള പലരും കോർ കമ്മിറ്റി അംഗങ്ങളായിരുന്നു.അവരെയൊന്നും അറിയിക്കാതെയാണ് കോർ കമ്മിറ്റി യോഗം കൂടി ഏകപക്ഷീയമായി മിനിമോളെ ആദ്യം രണ്ടര വർഷവും അടുത്ത രണ്ടര വർഷം ഷൈനി മാത്യുവിനെയും മേയർമാരാക്കാൻ തീരുമാനിച്ചത്.അതോടൊപ്പം ദീപക് ജോയി ,കൃഷ്ണകുമാർ എന്നിവരെ ഡെപ്യുട്ടി മേയറാമാരാക്കാനും.
ദീപക് ജോയി ഈഴവ സമുദായാംഗവും, കൃഷ്ണകുമാർ നായർ സമുദായ അംഗവുമാണ്. ഷൈനി മാത്യു ലത്തീൻ സമുദായാംഗമാണ് .അവർക്ക് പിന്നിൽ കൊച്ചി രൂപതയും ബിഷപ്പുമാണെന്നും പറയപ്പെടുന്നു.
ഇപ്പോൾ രണ്ടര വർഷം മേയറായി കോൺഗ്രസ് പാർട്ടി തെരഞ്ഞെടുത്ത വി കെ മിനിമോൾ വാസ്തവത്തിൽ ലത്തീൻ കത്തോലിക്കയല്ല .അവർ ഈഴവ സമുദായാംഗമാണ്.മിനിമോൾ വിവാഹം ചെയ്തത് ലത്തീൻ കത്തോലിക്കനെയാണ് .
കൊച്ചിയിൽ മേയറെ തീരുമാനിച്ചത് ഏകപക്ഷീയമായാണെന്ന് അജയ് തറയിൽ മാധ്യമങ്ങൾക്ക് മുന്നിൽ ആഞ്ഞടിച്ചിരുന്നു.
ഒരു കോടി രൂപയുടെ മുതൽ മുടക്കാണ് മിനിമോളെ കൊച്ചി മേയറാക്കാൻ ചെലവഴിച്ചതെന്നാണ് പിന്നാമ്പുറങ്ങളിലെ സംസാരം.ആരൊക്കെയാണ് മിനിമോൾക്ക് വേണ്ടി പണം ചെലവഴിച്ചതെന്ന വിവരങ്ങൾ താമസിയാതെ പുറത്ത് വരും.ഈ തുക ആരാണ് കൈമാറിയതെന്നും ഏതൊക്കെ കോൺഗ്രസ് നേതാക്കളാണ് വാങ്ങിയതെന്നുമുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ ചിലർ വെളിപ്പെടുത്തുമെന്നാണ് സൂചന .കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരിക്കുന്നമ്പോൾ റോഡ് പണിയുമായി ബന്ധപ്പെട്ട് മിനിമോൾക്കെതിരെ സാമ്പത്തിക ക്രമക്കേടു പരാതി ഉണ്ടായിരുന്നു .അത് സംബന്ധിച്ച് വിജിലൻസ് കേസുണ്ടെന്ന് ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .ഇത് പുതിയ പ്രതിസന്ധിയാണ് കോൺഗ്രസിലുണ്ടാക്കിയിട്ടുള്ളത്..പാലാരിവട്ടം പെരിങ്ങോട്ട് റെസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണമാണ് ഇപ്പോൾ മിനിമോൾക്കെതിരെ വീണ്ടും ഉയർന്നിട്ടുള്ളത് .ഇക്കാര്യം കോൺഗ്രസ് നേതാക്കളിൽ ഇപ്പോൾ ചർച്ചയായിട്ടുണ്ട്.ജില്ലയിലെ കോൺഗ്രസ് പാർട്ടിയിൽ വരും ദിവസങ്ങളിൽ പൊട്ടിത്തെറിയുണ്ടാവുമെന്ന് സൂചനയുണ്ട് .
