കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ച കൊച്ചി കോര്‍പ്പറേഷനില്‍ കോൺഗ്രസ് പാർട്ടി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ കൈവിട്ടു. പകരം ലത്തീൻ കാത്തലിക് സഭ നിർദേശിച്ചവരെ മേയറായി തീരുമാനിച്ചു. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചതോടെയാണ് ദീപ്തി പുറത്തായത്. അതോടെ തോറ്റത് കോൺഗ്രസാണ്. ജയിച്ചത് സഭയും

മേയര്‍ സ്ഥാനവും ഡെപ്യുട്ടി മേയർ സ്ഥാനവും എ, ഐ ഗ്രൂപ്പുകള്‍ രണ്ടര വര്‍ഷം വീതം പങ്കിടാനാണ് കോണ്‍ഗ്രസില്‍ ഉണ്ടായ ധാരണ .
അതനുസരിച്ച്, പാലാരിവട്ടം മുപ്പത്തി മൂന്നാം ഡിവിഷനില്‍ നിന്നും വിജയിച്ച വി കെ മിനിമോള്‍ ആദ്യ ടേം മേയറാകും. ഡെപ്യുട്ടി മേയർ അയ്യപ്പങ്കാവ് പത്തൊമ്പതാം ഡിവിഷനിൽ നിന്നും വിജയിച്ച ദീപക് ജോയിയും.

തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഫോര്‍ട്ടുകൊച്ചി മേഖലയില്‍ നിന്നുള്ള ഒന്നാം ഡിവിഷനിൽ നിന്നും ജയിച്ച ഷൈനി മാത്യുവിന് മേയര്‍ പദവി നല്‍കും. ഡെപ്യുട്ടി മേയർ എറണാകുളം സൗത്ത് പതിനൊന്നാം ഡിവിഷനിൽ നിന്നും ജയിച്ച കെ വി പി കൃഷ്ണകുമാറും. ഇങ്ങനെയാണ് ധാരണയായിട്ടുള്ളത്.
മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷയാണ് വി കെ മിനിമോള്‍. മേയര്‍ സ്ഥാനം ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. വരാപ്പുഴ അതിരൂപതയുടെ അല്‍മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
മേയര്‍ പദവിയില്‍ തര്‍ക്കം വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. 19 പേര്‍ ഷൈനി മാത്യുവിനെയും 17 പേര്‍ വി കെ മിനിമോളെയും പിന്തുണച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഡിസിസി പ്രസിഡന്റ് ഷിയാസ്, മുൻ എംഎൽഎ ഡൊമിനിക് പ്രസന്റേഷൻ, മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ എന്നിവരുൾപ്പെട്ട കോർ കമ്മിറ്റിയാണ് ഓരോ കൗൺസിലരെയും പ്രത്യേകം പ്രത്യേകം കണ്ട് അഭിപ്രായം ആരാഞ്ഞത്. കൊച്ചി കോര്‍പ്പറേഷനില്‍ 42 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുള്ളത്. അതിൽ രണ്ടുപേർ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും അറിയിച്ചു.

മേയർ സ്ഥാനത്തേക്ക് കെപിസിസി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിനെ പരിഗണിച്ചില്ലെന്നാണ് നേതൃത്വം പറയുന്നത്. കെഎസ്‌യു യൂണിറ്റ് താളം മുതൽ പ്രവർത്തിച്ച് കോൺഗ്രസ് നേതൃത്വത്തിലെത്തിയ ദീപ്തിയെ മേയർ പദവിയിൽ പരിഗണിക്കപ്പെടാതിരുന്നത് അവർ ലത്തീൻ കത്തോലിക്ക സഭ അംഗം അല്ലാത്തതുകൊണ്ടാണ്. ദീപ്തി മാർത്തോമ്മാസഭ അംഗമാണ്. ഇപ്പോൾ മേയറായി തീരുമാനിച്ച വി കെ മിനിമോളും ഷൈനി മാത്യുവും ലാറ്റിൻ സഭ അംഗങ്ങളാണ്. ദീപ്തിയെ വെട്ടിയതോടെ ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത് കൊച്ചിയിൽ കോൺഗ്രസ് തോറ്റു, സഭ ജയിച്ചുവെന്നാണ് .

