ഹോളിഡേ ക്ലബ്‌ മെമ്പർഷിപ്പ് സേവനം നൽകിയില്ല, ഉപഭോക്താവിന് നഷ്ടപരിഹാരം

​ഹോളിഡേ ക്ലബ്ബ് മെമ്പർഷിപ്പ് സേവനം വാഗ്ദാനം നൽകി (Vacation/Holiday Membership) പണം വാങ്ങി സേവനം നൽകാതിരിക്കുകയും, അംഗത്വം റദ്ദാക്കി പണം തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്ത ടൂറിസം സർവീസ് സ്ഥാപനം നഷ്ടപരിഹാരമായി ഉപഭോക്താവിന് മൊത്തം 2,15000/ നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

പലപ്പോഴും ഉത്തരേന്ത്യൻ തട്ടിപ്പ് കമ്പനികൾ കേരളത്തിലെ വൻകിട ഹോട്ടലുകളിൽ തമ്പടിച്ചുകൊണ്ട്, ആകർഷകമായ ഹോളിഡേ പാക്കേജുകൾ നൽകാറുണ്ട്. വൻതുക നൽകി അത്തരം പാക്കേജുകൾ എടുക്കുന്ന ആളുകൾക്ക് കമ്പനികളുടെ തട്ടിപ്പ് പിന്നീടാണ് മനസ്സിലാകുന്നത്.

എറണാകുളം ​മരട് സ്വദേശിനിയായ ജസ്റ്റിന ഫെർണാണ്ടസ്, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Doves Vacation എന്ന സ്ഥാപനത്തിതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

​2022 ഒക്ടോബർ മാസത്തിലാണ് 1,89,999/- രൂപ നൽകി എതിർകക്ഷിയിൽ നിന്ന് ഉപഭോക്താവ് vacation ക്ലബ്‌ മെംബെർഷിപ്പ് എടുത്തത്. ​ എന്നാൽ താമസത്തിന് ബുക്കിങ്ങിനായി സമീപിച്ചപ്പോൾ എതിർകക്ഷി ‘പീക്ക് ടൈമിൽ റൂമുകൾ ലഭ്യമല്ല’ എന്ന് മറുപടി ആണ് ആവർത്തിച്ച് നൽകിയിരുന്നത്. വാഗ്ദാനം ചെയ്ത സേവനം ലഭ്യമല്ലാതായപ്പോൾ ക്ലബ്ബ് മെമ്പർഷിപ്പ് റദ്ദാക്കി പണം തിരികെ നൽകണമെന്ന് ഉപഭോക്താവ് 2024 ഫെബ്രുവരി മാസത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, അംഗത്വം റദ്ദാക്കാം, പക്ഷെ പണം തിരികെ നൽകില്ല എന്ന് എതിർകക്ഷി അറിയിക്കുകയാണ് ഉണ്ടായത്.

​തുടർച്ചയായ സേവന നിഷേധം ‘സേവനത്തിലെ അപര്യാപ്തത’ (Deficiency in service) ആണെന്നും, ബുക്കിംഗ് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചത് ‘ അധാർമിക വ്യാപാര രീതി’ (Unfair Trade Practice) ആണെന്നും കോടതി കണ്ടെത്തി.​സേവനം നൽകാത്ത സാഹചര്യത്തിൽ പണം തിരികെ നൽകാൻ വിസമ്മതിക്കുന്നത് നിയമപരമല്ലെന്നും, ഇത്തരം ഏകപക്ഷീയമായ വ്യവസ്ഥകൾ നിയമപരമായ അവകാശങ്ങളെ അസാധുവാക്കില്ലെന്നും ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

​മെമ്പർഷിപ്പിനായി അടച്ച തുകയായ 1,89,999/- രൂപ തിരികെ നൽകണം.കൂടാതെ, ​മാനസിക ക്ലേശത്തിനും, ബുദ്ധിമുട്ടിനും, സേവനത്തിലെ അപര്യാപ്തതയ്ക്കും നഷ്ടപരിഹാരമായി 20,000/- രൂപയും ​കോടതി ചെലവുകൾക്കായി 5,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർ കക്ഷിക്ക് കോടതി ഉത്തരവ് നൽകി.

തയ്യാറാക്കിയത്

Adv. K B MOHANAN
9847445075