വത്തിക്കാൻ ലൈബ്രറിയിൽ മുസ്‌ലിം പണ്ഡിതർക്ക് പ്രാർത്ഥനാ മുറിക്ക് അനുമതി നൽകി

മുസ്ലിം പണ്ഡിതരുടെ അഭ്യർത്ഥന മാനിച്ച് വത്തിക്കാൻ ലൈബ്രറിയിൽ പ്രാർത്ഥനാ മുറിക്ക് അനുമതി നൽകി. അതിപുരാതന സ്ഥാപനമായ വത്തിക്കാൻ ലൈബ്രറിയിൽ അക്കാദമിക് ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഇനി സ്വന്തം മതാചാരത്തിനുള്ള സൗകര്യം ഒരുക്കുമെന്നും ഇതിൻ്റെ ഭാഗമായാണ് പ്രാർത്ഥനാ മുറി നൽകിയതെന്നും വത്തിക്കാൻ ലൈബ്രറി വൈസ് പ്രീഫെക്റ്റ് ഫാദർ ജിയാകോമോ കാർഡിനാലി ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്കയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

“ചില മുസ്‌ലിം പണ്ഡിതർ ഞങ്ങളോട് ഒരു പ്രാർത്ഥനാ പരവതാനിയോടുകൂടിയ മുറി ആവശ്യപ്പെട്ടു, ഞങ്ങൾ അത് അവർക്ക് നൽകി”- അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നാണ് വത്തിക്കാൻ ലൈബ്രറി. 1475ൽ പോപ്പ് സിക്സ്റ്റസ് നാലാമൻ ഇത് ഔദ്യോഗികമായി സ്ഥാപിച്ചതു മുതൽ ലോകമെമ്പാടുമുള്ള മതഗ്രന്ഥങ്ങൾ ഇവിടെ ശേഖരിച്ചുവരുന്നു.

അറബിക്, ജൂത, എത്യോപ്യൻ ശേഖരങ്ങൾ, അതുല്യമായ ചൈനീസ് രേഖകൾ എന്നിവ ഉൾപ്പെടെയുള്ള സാർവത്രിക ഗ്രന്ഥശാലയാണ് വത്തിക്കാൻ ലൈബ്രറിയെന്ന് കാർഡിനാലി പറഞ്ഞു.

“വർഷങ്ങൾക്കുമുമ്പ് ജപ്പാന് പുറത്തുള്ള ഏറ്റവും പഴയ മധ്യകാല ജാപ്പനീസ് ആർക്കൈവ് ഞങ്ങളുടെ പക്കലുണ്ടെന്ന് കണ്ടെത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.