സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . പുനഃസംഘടനയ്ക്കെതിരെ ഓര്‍ത്തഡോക്സ് സഭയുടെ പ്രതികരണത്തിനു ശേഷമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം ഉണ്ടായത്.. എല്ലാവര്ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. പുനഃസംഘടനയിൽ വ്യക്തികൾക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോൺഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

പുനഃസംഘടനയിൽ പരാതികൾ ഉണ്ടാകാം. പരാതികൾ പരിഹരിക്കാൻ കഴിയുന്ന കരുത്ത് കോൺഗ്രസിനുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. തൻ്റെ കൺസെപ്റ്റ് വേറെയാണ്. ഏറ്റവും ചെറിയ കമ്മിറ്റിയാണ് തന്റെ കൺസെപ്റ്റ്. കുറേ താൽപര്യങ്ങൾ ഉണ്ടാകാം. അതെല്ലാം പരിഗണിച്ചു പോകേണ്ടതുണ്ട്. ജംബോ കമ്മിറ്റി അനാവശ്യമെന്ന് താൻ പറയുന്നില്ല. സെക്രട്ടറിമാരുടെ ലിസ്റ്റിൽ ഉൾക്കൊള്ളാൻ കഴിയാത്ത പലരെയും ഉൾക്കൊള്ളിക്കേണ്ടിവരും. സാമുദായിക സമവാക്യം ഉറപ്പിച്ചാണ് കോൺഗ്രസ് എന്നും മുന്നോട്ട് പോയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
