കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ പ്രായമായ മാതാപിതാക്കളെ പരിചരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മ്മാണത്തിനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. മാതാപിതാക്കളെ അവഗണിക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം 10-15 ശതമാനം വരെ കുറയ്ക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ശനിയാഴ്ച പ്രഖ്യാപിച്ചു.

ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്ന തുക അവരുടെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. പുതിയ ഉദ്യോഗസ്ഥരുടെ നിയമന കത്തുകള്‍ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമായ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും ജീവനക്കാരന്‍ മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവരുടെ ശമ്പളത്തില്‍ 10-15 ശതമാനം കുറയ്ക്കുകയും ഇത് മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യും. എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതുപോലെ അവരുടെ മാതാപിതാക്കള്‍ക്കും ഇതേ ദിവസം തുക ലഭിക്കുമെന്നും ഇതുസംബന്ധിച്ച നിയമം ഉടന്‍ കൊണ്ടുവരുമെന്നും രേവന്ത് റെഡ്ഡി അറിയിച്ചു.
