ഒരു വിദ്യാലയത്തിലും ഒരു മതത്തിൻ്റേയും അനുഷ്ഠാന ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ അനുവാദം നൽകരുത്.അങ്ങനെ പ്രത്യേക പരിഗണന അവകാശപ്പെടാൻ ഒരു മതത്തിനും അധികാരമില്ല.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ ഫേസ് ബുക്കിൽ കുറിച്ചു.കെ. എസ്. രാധാകൃഷ്ണൻ വർഷങ്ങളോളം എറണാകുളം മഹാരാജാസ് ഉൾപ്പെടെ കേരളത്തിലെ നിരവധി സർക്കാർ കോളേജുകളിൽ അധ്യാപകനായി സേവനമനുഷ്‌ഠിച്ചിരുന്നു .അധ്യാപകനായിരിക്കുമ്പോഴാണ് അദ്ദേഹം കാലടി സർവകലാശാല സർവകലാശാലയിൽ വൈസ് ചാൻസലറായത്.പിന്നീട് പിഎസ്‌സി ചെയർമാനുമായി .

കെ. എസ്. രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ:
- ഇസ്ലാം മതവിശ്വാസികൾ പലപ്പോഴും അവർക്ക് പ്രത്യേക പരിഗണന ഉണ്ടെന്നു ധരിക്കാറുണ്ട്.
- പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിൽ പ്രശ്നം ഉണ്ടാക്കുന്നത് തീവ്ര ഇസ്ലാമിക മതപ്രബോധകരാണ് എന്നാണ് അറിയുന്നത്.
- സ്കൂൾ നിഷ്കർഷിക്കുന്ന അച്ചടക്ക നിയമങ്ങൾ പാലിക്കണം എന്ന് മാത്രമാണ് സ്കൂൾ അധികൃതർ പറഞ്ഞത്. അത് പാലിക്കരുത് എന്ന് നിർദ്ദേശിക്കാൻ മന്ത്രി ശിവൻകുട്ടിക്കും അധികാരമില്ല.
ഹിജാബ് ഒരു മതവസ്ത്രമാണ്; അത് ഇസ്ലാമിക – അനിസ്ലാമിക മതവിഭജനത്തിൻ്റെ സൂചകമാണ്. മുടിയും മുഖവും കഴുത്തും ചെവിയും പൊതിയുന്ന വസ്ത്രം. ഇസ്ലാമിക മതവിശ്വാസ പ്രഖ്യാപനത്തിൻ്റേയും അതിനോടുള്ള വിധേയത്വത്തിൻ്റേയും ചിഹ്നമാണ് ഹിജാബ്. അതുകൂടാതെ നിജാബ്,(മൂടുപടം), ബുർഖ എന്നിങ്ങനെയുള്ള മതവസ്ത്രങ്ങളും ഉണ്ട്. ഈ വസ്ത്രത്തിൻ്റെ മഹത്വത്തെ കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. ഹദീസുകളിൽ കാര്യമായി പരാമർശിക്കുന്നുമുണ്ട്. ചുരുക്കത്തിൽ ഇസ്ലാം മതവിശ്വാസത്തിൻ്റെ പരസ്യമായ പ്രഖ്യാപനമാണ് ഹിജാബ്. ഓരോ വ്യക്തിക്കും തൻ്റെ മതം വിശ്വസിച്ച് ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അനുവാദം നൽകുന്നുണ്ട് എന്നത് നേരാണ്.

എന്നാൽ അതിനും ചില നിയന്ത്രണങ്ങൾ ഉണ്ട്. അതിലൊന്ന്, വിദ്യാലയങ്ങളിൽ മതപ്രദർശനവും പ്രചരണവും പാടില്ല എന്നതാണ്. ഓരോ മതവിഭാഗവും അവരവരുടെ മതം പ്രദർശിപ്പിക്കാനും പ്രചരിപ്പിക്കാനും വിദ്യാലയങ്ങളെ ഉപയുക്തമാക്കിയാൽ വിദ്യാലയങ്ങൾ മതസംഘർഷങ്ങളുടെ വേദിയായി മാറും. വിദ്യാലയങ്ങൾ അവ്വിധം മതപ്രചാരണങ്ങളുടേയും സംഘർഷങ്ങളുടേയും വേദിയായി മാറരുത് എന്നും നമ്മുടെ ഭരണഘടന നിഷ്കർഷിക്കുന്നുണ്ട്.
പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഒരു വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് വരികയും സ്കൂൾ അധികൃതർ സ്കൂളിനകത്ത് ഹിജാബ് ധരിക്കുന്നതിനെ എതിർക്കുകയും ചെയ്തതാണ് ഒരിക്കൽ കൂടി ഹിജാബ് ചർച്ച പൊതുവേദിയിൽ എത്താൻ കാരണം. ഇന്ത്യയിലെ നിയമ വ്യവസ്ഥ അനുസരിച്ച് വിദ്യാലയങ്ങളിൽ യൂണിഫോം ഏർപ്പെടുത്താൻ സ്കൂൾ അധികാരികൾക്ക് അവകാശമുണ്ട്. ഏതൊരു സ്കൂളിലും പ്രവേശനം നേടുമ്പോൾ ആ വിദ്യാലയത്തിൽ നിഷ്കർഷിച്ചിരിക്കുന്ന ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാമെന്ന് ഓരോ രക്ഷിതാവും വിദ്യാർത്ഥിയും സമ്മതപത്രം ഒപ്പിട്ട് നൽകണം.

അതിലൊന്നാണ് യൂണിഫോം വസ്ത്രം വിദ്യാർത്ഥികൾ ധരിച്ചിരിക്കണം എന്ന വ്യവസ്ഥ. അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ ഏത് വിദ്യാർത്ഥിക്കും ആ വിദ്യാലയത്തിൽ ചേരാതിരിക്കാൻ അവകാശമുണ്ട്. ഈ വ്യവസ്ഥകൾ എല്ലാം അംഗീകരിച്ചു ചേർന്നതിന് ശേഷം താൻ അത് പാലിക്കില്ല എന്ന് പറയാൻ വിദ്യാർത്ഥിക്കും രക്ഷിതാവിനും അവകാശമില്ല.
ആ വിദ്യാലയത്തിലെ പഠനം അവരുടെ മതവിശ്വാസത്തെ ബാധിക്കുമെങ്കിൽ ആ വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥിയെ മാറ്റാനും അവരുടെ മതവിശ്വാസം ഉറപ്പ് വരുത്തുന്ന രീതിയിൽ പഠനം നടത്തുന്ന വിദ്യാലയങ്ങളിൽ കുട്ടിയെ ചേർക്കാനും രക്ഷിതാവിന് അവകാശമുണ്ട്.

എന്നാൽ തൻ്റെ മതവിശ്വാസം പ്രചരിപ്പിക്കാനുള്ള വേദിയായി വിദ്യാലയങൾ മാറണം എന്ന് ശഠിക്കാൻ ഒരാൾക്കും അവകാശമില്ല. കാരണം, ഈ വിദ്യാലയം നൽകുന്നത് സെക്യുലർ വിദ്യാഭ്യാസമാണ്. സെക്യുലർ വിദ്യാഭ്യാസം നൽകുന്ന വിദ്യാലയത്തിൽ ഏതെങ്കിലും ഒരു പ്രത്യേക മതത്തിൻ്റെ ചിഹ്നങ്ങൾ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും അവസരം നൽകാൻ കഴിയില്ല.
അങ്ങനെ ചെയ്യുന്നത് നിയമലംഘനമാണ്. ഒരു വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ മതചിഹ്നങ്ങൾ പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ. പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിൽ ഈ പ്രശ്നം ഉണ്ടാക്കുന്നത് തീവ്ര ഇസ്ലാമിക മതപ്രബോധകരാണ് എന്നാണ് അറിയുന്നത്. ഒരു വിദ്യാലയത്തിലും ഒരു മതത്തിൻ്റേയും അനുഷ്ഠാന ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ അനുവാദം നൽകരുത്.

അങ്ങനെ പ്രത്യേക പരിഗണന അവകാശപ്പെടാൻ ഒരു മതത്തിനും അധികാരമില്ല. ഇസ്ലാം മതവിശ്വാസികൾ പലപ്പോഴും അവർക്ക് പ്രത്യേക പരിഗണന ഉണ്ടെന്നു ധരിക്കാറുണ്ട്. അതുകൊണ്ടാണ് ഗതാഗത തടസ്സം ഉണ്ടാക്കിക്കൊണ്ട് പൊതുവഴിയിൽ അവർ വെള്ളിയാഴ്ച പ്രാർത്ഥനായോഗം നടത്തുന്നത്. അതുപോലെ സെക്യുലർ വിദ്യാഭ്യാസ സ്ഥാപനത്തിലും മതം പ്രചരിപ്പിക്കാൻ അവർക്ക് അവകാശമുണ്ട് എന്ന് അവർ കരുതുന്നതു കൊണ്ടാണ് ഹിജാബ് വിഷയം ഉന്നയിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻ കുട്ടി ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കി. ഒരു വിദ്യാർത്ഥിയുടേയും വിദ്യാഭ്യാസ അവകാശം മുടക്കാൻ ആർക്കും അവകാശമില്ല. അതുകൊണ്ട് സ്കൂൾ അധികാരികൾക്ക്എതിരെ നടപടി എടുക്കും എന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മനം അറിഞ്ഞ ഡെപ്യൂട്ടി ഡയറക്ടർ അത് അനുസരിച്ചുള്ള റിപ്പോർട്ടും എഴുതിക്കൊടുത്തു. ഒരു വിദ്യാർത്ഥിയുടേയും അവകാശം ആരും നിഷേധിച്ചിട്ടില്ല. സ്കൂൾ നിഷ്കർഷിക്കുന്ന അച്ചടക്ക നിയമങ്ങൾ പാലിക്കണം എന്ന് മാത്രമാണ് സ്കൂൾ അധികൃതർ പറഞ്ഞത്. അത് പാലിക്കരുത് എന്നു നിർദ്ദേശിക്കാൻ മന്ത്രിക്കും അധികാരമില്ല. നാല് മുസ്ലിം വോട്ട് ഉറപ്പിക്കാനായി ഇത്രയ്ക്ക് തരം താഴണോ? “