ഗുണമേന്മയുള്ള നെൽവിത്ത് ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന റൈസ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാമിന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. തിരുമാറാടി വാളിയപ്പാടം പാടശേഖരത്തിൽ ‘ഉമ’ ഇനത്തിൽപ്പെട്ട ഞാറ് നട്ടുകൊണ്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് ഉദ്ഘാടനം നിർവഹിച്ചു.

കൃഷിവകുപ്പിന്റെയും കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.കേരളത്തിലെ കർഷകർക്ക് ഗുണമേന്മയുള്ള നെൽവിത്തുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും പ്രാദേശികമായി വിത്ത് ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. രജിസ്റ്റർ ചെയ്ത കർഷകർക്ക് വിത്ത് സൗജന്യമായി നൽകുകയും, ഉൽപാദിപ്പിക്കുന്ന സർട്ടിഫൈഡ് നെൽവിത്തുകൾ നിശ്ചിത വിലയ്ക്ക് അതോറിറ്റി ഏറ്റുവാങ്ങുകയും ചെയ്യും. കർഷകർക്ക് വരുമാനവും ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യതയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ചടങ്ങിൽ തിരുമാറാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുരളീധര കൈമൾ, കൃഷിവകുപ്പ് പിറവം ബ്ലോക്ക് അസിസ്റ്റൻറ് ഡയറക്ടർ ആഭാ രാജ്, കൃഷി ഓഫീസർ സി.ഡി. സന്തോഷ്, കാർഷിക വികസന സമിതി അംഗങ്ങളായ ജേക്കബ് ജോൺ, ബേബി പുതിയ കുന്നേൽ, പാടശേഖര സമിതി ഭാരവാഹികളായ സിറിയക് ജോൺ, എം.കെ. രമണൻ, ഏലിയാസ് പുതുശ്ശേരി, ജോർജ് മാളികയിൽ, കെ.എം. ഏലിയാസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സിബി അഗസ്റ്റിൻ, കൃഷി അസിസ്റ്റന്റുമാരായ ബിനോയ് സി.വി., റോബിൻ പൗലോസ് , ഇഫ്കോ മാനേജർ ദിൽരാജ് എന്നിവർ പങ്കെടുത്തു.
