ഹിജാബ് വിവാദത്തിൽ വിദ്യാർത്ഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്നും, ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടർ തീരുമാനമെന്നും കുടുംബം വ്യക്തമാക്കി.നേരത്തെ കുട്ടിയെ സ്കൂൾ മാറ്റാനാണ് കുടുംബം തീരുമാനിച്ചിരുന്നത്. പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥിനിയുടെ ഹിജാബുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത്.

ഹൈക്കോടതിയിൽ സ്കൂൾ നൽകിയ ഹർജിയിൽ കുടുംബത്തെയും കക്ഷി ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ച ഹൈക്കോടതി ഹർജി പരിഗണിക്കും. അതുവരെ കുട്ടിയെ സ്കൂളിലേക്ക് വിടാതിരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം. എന്നാൽ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് കുടുംബം നിലപാട് മാറ്റിയത്.

നേരത്തെ, വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന സ്കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. സ്കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും പെൺകുട്ടിയെ ഹിജാബ് ധരിച്ച് സ്കൂളിൽ തുടരാൻ അനുവദിക്കണമെന്നുമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നാണ് സ്കൂൾ ഹർജിയിൽ ആവശ്യപ്പെട്ടത്. ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ജസ്റ്റിസ് വി.ജി അരുൺ ആണ് ഹർജി പരിഗണിച്ചത്. യൂണിഫോമിന്റെ കാര്യത്തിൽ വ്യക്തിഗത അവകാശങ്ങൾ മറികടക്കാൻ സ്ഥാപനത്തിന് ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. 2018 ലെ ഫാത്തിം തസ്നിം കേസിലെ കേരള ഹൈക്കോടതി വിധി കോടതി ഉദ്ധരിച്ചു.

ഡിഡിഇയുടെ നോട്ടീസ് റദ്ദാക്കണമെന്നും, സിബിഎസ്ഇ അഫിലിയേറ്റ് ചെയ്ത സ്കൂളുകളുടെ മേൽ സർക്കാരിന് അധികാരപരിധിയില്ലെന്ന് പ്രഖ്യാപിക്കണമെന്നും, സ്ഥാപനത്തിനെതിരെ നിർബന്ധിത നടപടി തടയുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്കൂൾ മാനേജ്മെൻറ് കോടതിയെ സമീപിച്ചത്.
