മുതിർന്ന മാധ്യമ പ്രവർത്തകനും, എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകനുമായ പി രാജന്റെ നവതി ആഘോഷം

മുതിർന്ന മാധ്യമ പ്രവർത്തകനും, എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകനുമായ പി രാജന്റെ നവതി ആഘോഷം ഇന്നലെ (18 -10-2025 ) ലളിതമായ ചടങ്ങുകളോടെ നടന്നു.എറണാകുളം ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ പി രാജന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് സംബന്ധിച്ചത്.നൂറിൽ താഴെ ആളുകളെയാണ് രാജേട്ടൻ എന്ന് വിളിക്കുന്ന പി രാജൻ ഫോണിലൂടെ ക്ഷണിച്ചത്.മിക്കവാറും ആളുകൾ ഇന്നലെ എത്തി നവതി ആശംസകൾ നേർന്നു.

എറണാകുളം പ്രസ്‌ക്ലബ്സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് പി രാജൻ. അടിയന്തരാവസ്ഥയെ എതിർത്തതിന്റെ പേരിൽ ജയിൽ വാസം അനുഭവിച്ച കേരളത്തിലെ ഏക പത്ര പ്രവർത്തകനാണ് അദ്ദേഹം.അപ്രിയ സത്യങ്ങൾ ആരുടെ മുഖത്ത് നോക്കിപറയുന്ന ധീരനായ പത്രപ്രവർത്തകനാണ് പി രാജൻ.വിപുലമായ തോതിൽ നവതി ആഘോഷിക്കുവാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും ബന്ധുക്കളും നിർബന്ധിച്ചെങ്കിലും നവതി ആഘോഷം ലളിതമാക്കാൻ തീരുമാനിക്കുകയാണ് ചെയ്തത് .ഈ ചടങ്ങു പോലും അദ്ദേഹത്തിന്റെ മകൻ ജയന്റെ നിർബന്ധം കൊണ്ടാണ് നവതി ലളിതമായെങ്കിലും നടത്തുവാൻ അദ്ദേഹം സമ്മതിച്ചത്.

രാജേട്ടന്റെ നവതിയോടൊപ്പം സഹോദരി നളിനിയുടെ പിറന്നാളും ആചരിച്ചു . എറണാകുളം ഐ.എം.എ.യിൽ നടന്ന നവതി സായാഹ്നം പി.രാജനും, സഹോദരി നളിനിയും ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് തുടക്കം കുറിച്ചത്.പി രാജന്റെ ഭാര്യ കമല ചടങ്ങിൽ ഉണ്ടായിരുന്നു

എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്ന ഇരുവരെയും മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ഐ സി സി ജയചന്ദ്രനും, പൂർവ്വ വിദ്യാർത്ഥിയും,മാധ്യമ പ്രവർത്തകനും, മുൻ എം.പി.യും, എം എൽ എ യുമായ ഡോ. സെബാസ്റ്റ്യൻ പോളും ചേർന്ന് പൊന്നാടയണിയിച്ചു .

മുൻ സംസ്കൃത സർവ്വകലാശല വി.സി.യും പി എസ് സി ചെയർമാനുമായിരുന്ന ഡോ.കെ.എസ്.രാധാകൃഷ്ണൻ, ജസ്റ്റിസ് സിയാദ് റഹിമാൻ, മുൻ മന്ത്രി ജോസ് തെറ്റിയിൽ, പ്രൊഫ.എം.തോമസ് മാത്യു, മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്ബ്, അഡ്വക്കേറ്റ് സെയ്താലിക്കുട്ടി, പ്രൊഫ.കെ.വി.തോമസ്, എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആർ.ഗോപകുമാർ, മാധ്യമ പ്രവർത്തകരായ ജ്യോതിർ ഘോഷ്, എം.വി. ബെന്നി,ജി കെ സുരേഷ് ബാബു, കവിയും ഗാനരചയിതാവുമായ ആർ.കെ.ദാമോദരൻ, അഡ്വക്കേറ്റ് ജയശങ്കർ, മുൻ മന്ത്രിമാരായ ഡൊമിനിക്ക് പ്രസന്റേഷൻ, കെ.ബാബു, കുമ്മനം രാജശേഖരൻ, മാധവ കൈമൾ, ചന്ദ്രിക മെഹബൂബ്, മാതൃഭൂമിയിലെ മധുസുദനൻ, എസ്.കെ.മാധവൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു,

കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, എറണാകുളത്തെ മുൻ കാല മാധ്യമ പ്രവർത്തകരും, സീനിയർ ജേണലിസ്റ്റ് നേതാക്കളായ രാജ്മോഹനും, അബ്ദുള്ള മട്ടാഞ്ചേരിയും, പ്രസ് ക്ലബ്ബ് മുൻ ജനറൽ സെക്രട്ടറി ഹരികൃഷ്ണനും, ഇപ്പോഴത്തെ ജനറൽ ഷജിൽ കുമാറും, മീഡിയ അക്കാദമിയിലെ അദ്ധ്യാപിക ഹേമലത,എറണാകുളം പ്രസ്ക്ലബ്ബിന്റെ മുൻ ഭാരവാഹികളായ അരുൺകുമാറും, എം.ആർ. അജയനും അടക്കം ഒട്ടേറെ പ്രമുഖർ രാജേട്ടന് നവതി ആശംസകളുമായി എത്തിയിരുന്നു . ആർട്ടിഫിഷ്യൽ ഇന്റലിജസിന്റെ സഹായത്തോടെ നിർമ്മിച്ച രാജേട്ടന്റെയും, കമല ചേച്ചിയുടെയും വിവാഹ ചടങ്ങുകൾ ഉൾപ്പെട്ട കുടുംബ ചിത്രങ്ങളുടെ വീഡിയോ ചിത്രീകരണം ഒരു പുതിയ അനുഭവമായി.

കവർ ഫോട്ടോ : പി രാജനും സഹോദരി നളിനിയും