മതിയായ സൗകര്യങ്ങൾ ഒരുക്കാത്തത് കൊണ്ട് ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജൻ്റീന ഫുട്ബോള്‍ ടീമിൻ്റെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയെന്ന് സൂചന.നവംബര്‍ 17-ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റേറഡിയത്തിൽ കളിക്കുമെന്നായിരുന്നു അറിയിപ്പ്.എന്നാല്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്നാണ് അര്‍ജൻ്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുള്‍ എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. അര്‍ജൻ്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍ എഡുള്‍.

ലുവാണ്ടയില്‍ അംഗോളയ്ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടുണ്ട്. സന്ദര്‍ശനം റദ്ദാക്കിയെന്ന് അര്‍ജന്റീന മാധ്യമം ലാ നാസിയോണും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണ് കാരണമായതെന്നാണ് ലാ നാസിയോണ്‍ പറയുന്നത്.കേരള സർക്കാർ അധികൃതരുമായുള്ള കരാറില്‍ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായതായും ഇക്കാരണത്താല്‍ നവംബറിലെ മത്സരവുമായി ബന്ധപ്പെട്ട പദ്ധതികള്‍ താത്കാലികമായി നിര്‍ത്താന്‍ എഎഫ്എയെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മത്സരം നടത്താന്‍ സാധ്യമായതെല്ലാം ചെയ്തു. സ്റ്റേഡിയം, ഹോട്ടലുകള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഒരു പ്രതിനിധി സംഘം പോലും പോയി. എന്നാല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം മത്സരം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പറയുന്നുണ്ട്.

കഴിഞ്ഞ മാസം, എഎഫ്എ പ്രതിനിധിയായ ഹെക്ടര്‍ ഡാനിയേല്‍ കാബ്രേര കൊച്ചിയിലെ കലൂരിലുള്ള സ്റ്റേഡിയം സന്ദര്‍ശിച്ച് മത്സരത്തിനുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.അതേസമയം, നവംബര്‍ 17-ന് കൊച്ചിയില്‍ സൗഹൃദ മത്സരം കളിക്കാന്‍ ഓസ്ട്രേലിയ സമ്മതിച്ചതായി മത്സര ക്രമീകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സ്വകാര്യ പ്രക്ഷേപണ കമ്പനി അറിയിച്ചിരുന്നു. എന്നിരുന്നാലും ഇത് ഓസ്ട്രേലിയന്‍ മാധ്യമങ്ങളോ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനോ സ്ഥിരീകരിച്ചിട്ടില്ല.
