ശബരിമലയിലെ സ്വർണ്ണക്കൊള്ള;ദേവസ്വം ബോർഡ് അധികാരികൾ ഒത്താശ ചെയ്തിട്ടുണ്ടെന്ന് ഒന്നാം പ്രതിസമ്മതിച്ചു.

ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്ര ശ്രീകോവിലിലെ സ്വർണ്ണക്കൊള്ളയ്ക്ക് ദേവസ്വം ഉദ്യോഗസ്ഥന്മാരും ബോർഡ് അധികാരികളും ഒത്താശ ചെയ്തിട്ടുണ്ടെന്ന് കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോററി സമ്മതിച്ചു. ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അന്വേഷണ സംഘത്തിനു മൊഴി നല്‍കി.ശ്രീകോവിലിൻ്റെ കട്ടിളപ്പാളിയിലാണ് സ്വര്‍ണക്കൊള്ളയുടെ തുടക്കമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു. ചെമ്പെന്ന് രേഖപ്പെടുത്താമെന്ന ആശയം മുന്നോട്ടുവെച്ചത് ദേവസ്വം ഉദ്യോഗസ്ഥരാണ്.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് റാന്നി കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ പോറ്റിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.തുടര്‍ന്നാണ് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയിലെ അടച്ചിട്ട മുറിയിലാണ് കേസിന്റെ നടപടികള്‍ നടന്നത്.

സ്വര്‍ണം അടിച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല കട്ടിളപ്പാളിയിലെ സ്വര്‍ണം പൂശലിൻ്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് എന്നാണ് അന്വേഷണസംഘത്തോട് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. സ്വര്‍ണം വിറ്റു കിട്ടുന്ന നേട്ടമല്ല, പകരം കട്ടിളപ്പാളി പലയിടത്തും പ്രദര്‍ശിപ്പിച്ച് ഭക്തി വില്‍പ്പനച്ചരക്കാക്കി ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിട്ടത്.എന്നാല്‍ വലിയ നഷ്ടമാണ് സംഭവിച്ചത്. ഇക്കാര്യം ദേവസ്വം ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശല്‍ ആശയം മുന്നോട്ടു വെക്കപ്പെടുന്നത് എന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തി.

സ്വര്‍ണക്കവര്‍ച്ചയില്‍ താനൊറ്റയ്ക്കല്ല, ഉദ്യോഗസ്ഥരടക്കം വലിയ സംഘം ഇതില്‍ പങ്കാളികളാണ്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നത്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ചപ്പോള്‍ താന്‍ നേരിട്ട് എത്തിയില്ല. അവിടെ നിന്നും ബാക്കി വന്ന സ്വര്‍ണം കല്‍പേഷ് വഴിയാണ് താന്‍ സ്വീകരിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി.

ഗൂഢാലോചനയിലും സ്വര്‍ണക്കവര്‍ച്ചയിലും തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.ചില ഉദ്യോഗസ്ഥരുടെ പേര് അടക്കം എസ്‌ഐടിയോട് പറഞ്ഞതായാണ് വിവരം. താന്‍ ശബരിമലയില്‍ സ്‌പോണ്‍സറായി എത്തിയതുമുതല്‍ ഗൂഢാലോചന തുടങ്ങിയതായാണ് പോറ്റി പറഞ്ഞത്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് ഇതിൽ പറയുന്നത്.

കൊള്ളയിൽ സ്മാർട്ട് ക്രിയേഷന് പങ്കെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.സ്മാർട്ട് ക്രിയേഷന്‍റെ സഹായത്തോടെയാണ് സ്വർണം വേർതിരിച്ചത്.ഇതിനിടെ, കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് ഉണ്ണികൃഷ്ണൻ പോറ്റി സംസാരിച്ചു. എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരുമെന്നായിരുന്നു പ്രതികരണം.

തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സ്വര്‍ണപ്പാളി ആര്‍ക്കുകൈമാറി, എത്ര സ്വര്‍ണം നഷ്ടപ്പെട്ടു, ആരൊക്കെ തട്ടിപ്പില്‍ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്.