വീണ്ടും ഹിജാബ് വിവാദം;ശിരോവസ്ത്രം ധരിക്കാമെന്ന മന്ത്രിയുടെ വാദം തള്ളി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്

എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വാദം തള്ളി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു. മുന്‍ നിലപാടില്‍ നിന്നും ഒരു മാറ്റവുമില്ല. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം. സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാവും സമ്മതിച്ചതാണ്. പിന്നീട് മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ലെന്നും പിടിഎ പ്രസിഡന്റ് വ്യക്തമാക്കുന്നു.

സ്‌കൂള്‍ നിയമം തടുക്കാന്‍ മന്ത്രിക്ക് അവകാശമില്ല. സ്‌കൂളിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് കുട്ടി ഇവിടെ തന്നെ തുടര്‍ന്ന് പഠിക്കണമെന്നാണ് തങ്ങളുടെയെല്ലാം ആഗ്രഹം. കുട്ടിയുടെ മാതാപിതാക്കള്‍ ആഹ്രഹിക്കുന്നുണ്ടെങ്കില്‍ കുട്ടി ഈ സ്‌കൂളില്‍ തന്നെ പഠിക്കും. കുട്ടിയുടെ അവകാശ ലംഘനത്തേക്കാള്‍ സ്ഥാപനത്തിന്റെ അവകാശത്തെക്കുറിച്ച് 2018 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പരിശോധിക്കപ്പെടേണ്ടത്.

കഴിഞ്ഞ കാലങ്ങളിൽ സ്‌കൂള്‍ എങ്ങനെയാണോ പ്രവര്‍ത്തിച്ചിരുന്നത് അതുപോലെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നാണ് പിടിഎ ആഗ്രഹിക്കുന്നത്. ഒരാള്‍ക്ക് മാത്രമായി ഇളവു ചെയ്യേണ്ട കാര്യമില്ല. മന്ത്രി ഇതൊക്കെ പറയുന്നതിനു മുമ്പേ കാര്യങ്ങള്‍ ആലോചിക്കേണ്ടേ. മന്ത്രിയെ വിജയിപ്പിക്കുന്നത് ജനങ്ങളാണ്. സ്‌കൂള്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊള്ളാമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുള്ളതാണ്. പിന്നെ മന്ത്രിക്ക് ഇതിലെന്താണ് കാര്യമെന്നും ജോഷി കൈതവളപ്പില്‍ ചോദിച്ചു.

ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂളിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. കുട്ടിയോ രക്ഷിതാവോ ശിരോവസ്ത്രം വേണ്ടെന്ന് പറയുന്നതുവരെ ശിരോവസ്ത്രം ധരിച്ച് ക്ലാസിലിരുന്ന് പഠിക്കാന്‍ കുട്ടിക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. ആ അവകാശമൊന്നും ചെറുതാണെങ്കിലും വലുതാണെങ്കിലും നിഷേധിക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം ഞങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

മേലാല്‍ സ്‌കൂളില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്കൂൾ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശിരോവസ്ത്രം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം രണ്ടു ദിവസത്തെ അവധിക്കു ശേഷം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ ഇന്ന് വീണ്ടും തുറന്നു. പരാതിക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇന്നു ക്ലാസില്‍ എത്തിയില്ല. സ്‌കൂളിലേക്ക് പ്രകടനം ഉണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.