1962-ൽ വിളിച്ചാൽ വെറ്ററിനറിആംബുലൻസ് വാതിൽപ്പടിയിൽ

ക്ഷീര കർഷകർക്കും വളർത്തു മൃഗങ്ങൾക്കും അടിയന്തിര സാഹചര്യങ്ങളിൽ ഉടൻ ചികിത്സ ഉറപ്പാക്കി 1962 കോൾ സെൻ്റർ വഴിയുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിലാണെന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.

1962 എന്ന കോൾ സെന്ററിൽ വിളിച്ചാൽ റൂട്ടും ദൂരവും കണക്കാക്കി വാഹനം എത്രയും വേഗം വീട്ടുവാതിൽക്കൽ എത്തും. രാവിലെ 9
മുതൽ വൈകിട്ട് 3 വരെ മാത്രം ലഭിച്ചിരുന്ന ഡോക്ടർമാരുടെ സേവനത്തിലെ പരിമിതികൾ പരിഹരിക്കാനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൃഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അസുഖം വരാമെന്നതിനാലാണ് സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും വൈകിട്ട് നാല് മുതൽ രാത്രി 12 വരെ ആംബുലൻസ് സേവനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ഈ പദ്ധതിയുടെ ഭാഗമായി 29 വാഹനങ്ങൾ കേന്ദ്രാവിഷ്‌കൃത ഫണ്ടിൽ ആംബുലൻസായി ആദ്യഘട്ടത്തിൽ നൽകി. തുടർന്ന്, സംസ്ഥാനം സ്വന്തമായി ഫണ്ട് സ്വരൂപിച്ച് 59 ആംബുലൻസുകൾ കൂടി ഇറക്കി. 14 ജില്ലാ കേന്ദ്രങ്ങളിലും ഓരോ ആംബുലൻസ് നൽകിയിട്ടുണ്ട്. പെട്ടെന്ന് അസുഖം വരുന്നതോ ഓപ്പറേഷൻ വേണ്ടിവരുന്നതോ ആയ മൃഗങ്ങൾക്ക് വീടുകളിൽ ചികിത്സ ഉറപ്പാക്കാൻ ഈ ആംബുലൻസുകൾ സഹായിക്കും.

ക്ഷീരകർഷകരെ സഹായിക്കാനായി സാമ്പത്തിക പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ട്. കേരളത്തിലെ ശരാശരി ഉത്പാദനക്ഷമത 10.79 ലിറ്റർ ആയി ഉയർന്നിട്ടുണ്ട്. മൃഗങ്ങൾക്കും കർഷകർക്കും ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കി. പശുക്കൾ നഷ്ടപ്പെടുന്നതിന് എട്ടു കോടിയുടെ പദ്ധതിക്ക് പുറമെ, കേന്ദ്രവുമായി ചേർന്ന് പുതിയ സമഗ്ര ഇൻഷുറൻസ് കൊണ്ടുവന്നു. ‘ക്ഷീര സാന്ത്വനം’ പദ്ധതി വഴി കർഷകർക്ക് ചികിത്സയ്ക്ക് രണ്ടു ലക്ഷം രൂപയും, അപകടമരണത്തിന് ഏഴു ലക്ഷം രൂപയും ലഭിക്കും. എല്ലാ മേഖലയിലും പ്രാധാന്യം നൽകി മൃഗസംരക്ഷണ രംഗത്ത് മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്തിന്റെ 2025-26 പദ്ധതിയുടെ ഭാഗമായി കിടാരികളുടെയും പോത്തിൻ കിടാവുകളുടെയും വിതരണാേദ്ഘാടനവും മന്ത്രി നിർവഹിച്ചു. പഞ്ചായത്തിലെ പ്രഥമ ഹാച്ചറി സംരംഭകനായ പി റ്റി നവീൻ കുമാറിനെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയുടെ ഭാഗമായി പശുക്കളിലെ വന്ധ്യതാ നിവാരണവും മെച്ചപ്പെട്ട കാലി വളർത്തലും വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഡോ. വീണ മേരി അബ്രഹാം ക്ലാസ് നയിച്ചു.

എടയ്ക്കാട്ടുവയൽ ഫാർമേഴ്സ് ഹാളിൽ നടന്ന പരിപാടിയിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥിയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി സജി കുമാർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ജയകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി അനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിജു തോമസ്, ജ്യോതി ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി പീറ്റർ, വെറ്ററിനറി സർജൻ ഡോ. വീണ സി ഫിലിപ്പ്, പഞ്ചായത്ത് മെമ്പർമാർ, ക്ഷീരസംഘം പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.