‘വോട്ട് ചോരി’ ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരനായ രോഹിത് പാണ്ഡെയോട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

ഹർജിക്കാരന്റെ വാദം കേട്ടു. പൊതുതാൽപ്പര്യാർത്ഥം സമർപ്പിച്ചതാണെന്ന് പറയപ്പെടുന്ന​ ഈ ഹർജി പരിഗണിക്കാൻ ആഗ്രഹിക്കുന്നില്ല. ഹർജിക്കാരന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണ്,’ ബെഞ്ച് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ താൻ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, വോട്ടു കൊള്ളയുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകൾ കണ്ടെത്തിയെന്നും അവകാശപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

വോട്ടർ പട്ടികകളുടെ സ്വതന്ത്ര ഓഡിറ്റ് പൂർത്തിയാകുന്നതുവരെ കൂടുതൽ പരിഷ്കരണങ്ങളോ അന്തിമരൂപീകരണമോ നടത്തരുതെന്ന് നിർദേശിക്കണമെന്നും ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് വോട്ടു മോഷണം നടത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

ഓഗസ്റ്റ് 7-ന് രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് ഹർജിക്കാരൻ പരാമർശിച്ചിരുന്നു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തിരഞ്ഞെടുപ്പുകളിൽ വലിയ ക്രിമിനൽ തട്ടിപ്പ് നടത്തിയതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ മോഷ്ടിക്കപ്പെട്ടതായാണ് രാഹുൽ ഗാന്ധി ആരോപിച്ചത്.