സഖാവ് പുഷ്പന്‍ അന്തരിച്ചു

കൊച്ചി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായി പ്രികീർത്തിക്കപ്പെട്ടിരുന്ന സഖാവ് പുഷ്പന്‍ അന്തരിച്ചു. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ ആണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് അന്നത്തെ യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം.വി.രാഘവനെ തടഞ്ഞുകൊണ്ട് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ വെടിവെപ്പിൽ രക്തസാക്ഷികളായി

ബാലസംഘത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പുഷ്‌പൻ സ്‌കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. ബംഗളൂരുവില്‍ ജോലി ചെയ്യവേ ,നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു സമരത്തില്‍ പങ്കെടുത്തത്.