വിവാദമായ ‘കോള്‍ഡ്രിഫ്’ കഫ് സിറപ്പ് നിര്‍മ്മിച്ച ശ്രീസണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ എസ്. രംഗനാഥനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ ചെന്നൈയില്‍ വെച്ചാണ് മധ്യപ്രദേശ് പോലീസിലെ പ്രത്യേക സംഘം പിടികൂടിയത്.രാജ്യത്തെ ഞെട്ടിച്ച കഫ് സിറപ്പ് ദുരന്തവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ചെന്നൈയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാളെ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ കാഞ്ചീപുരത്തേക്ക് വിശദമായ അന്വേഷണത്തിനായി കൊണ്ടുപോയി. ചോദ്യം ചെയ്യലിന് ശേഷം മധ്യപ്രദേശിലേക്ക്കൊ ണ്ടുപോകുന്നതിനായി ട്രാന്‍സിറ്റ് റിമാന്‍ഡ് തേടും.മധ്യപ്രദേശിലെ ചിന്ദ്വാരയില് ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 21 ആയി ഉയര്‍ന്നു. ചിന്ദ്വാരയില് മാത്രം 18 കുട്ടികളാണ് സിറപ്പ് കഴിച്ച് മരിച്ചത്. രാജസ്ഥാനിലും ഈ സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കുട്ടികളുടെ വൃക്കകള്‍ക്ക് ഗുരുതരമായ തകരാറുണ്ടാക്കാന്‍ കാരണമായ ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷാംശം കോള്‍ഡ്രിഫ് സിറപ്പില്‍ അനുവദനീയമായ അളവിലും കൂടുതലായി കണ്ടെത്തിയിരുന്നു. ചെറിയ അളവില്‍ ഉള്ളില്ച്ചെന്നാല് പോലും ഇത് വൃക്കകളുടെ തകരാറിനും മരണത്തിനും കാരണമാകും.

ദുരന്തത്തെ തുടര്‍ന്ന് ശ്രീസണ്‍ ഫാര്‍മയുടെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉത്പാദനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കമ്പനിക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

തമിഴ്നാട് ഡ്രഗ്സ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ കാഞ്ചീപുരത്തെ ഫാക്ടറിയില്‍ ശുചിത്വമില്ലാത്ത അന്തരീക്ഷം, തുരുമ്പിച്ച ഉപകരണങ്ങള്‍, ഫാര്‍മ ഗ്രേഡ് അല്ലാത്ത രാസവസ്തുക്കളുടെ അനധികൃത ഉപയോഗം ഉള്‍പ്പെടെ 350-ലധികം നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പ്രാദേശിക വിതരണക്കാര്‍ക്കെതിരെയും, ഒരു ഡോക്ടര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഡോക്ടറുടെ അറസ്റ്റിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ശക്തമായി പ്രതിഷേധിച്ചിരുന്നു. നിലവില്‍ മരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും രാസവസ്തുക്കള്‍ വിതരണം ചെയ്തവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.
