സൗദി പൗരത്വമുള്ള പ്രമുഖ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ഒമര്‍ എം. യാഗിക്ക് 2025-ലെ രസതന്ത്ര നൊബേല്‍ സമ്മാനം ലഭിച്ചത് സൗദി അറേബിയയ്ക്ക് അഭിമാനം . സൗദി പൗരത്വമുള്ള പ്രമുഖ ശാസ്ത്രജ്ഞനാണ് പ്രൊഫസര്‍ ഒമര്‍ എം. യാഗി

മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ (MOFs) വികസനത്തിന് നല്‍കിയ വിപ്ലവകരമായ സംഭാവനകള്‍ക്കാണ് ഈ ലോകോത്തര ബഹുമതി. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജപ്പാനിലെ സുസുമു കിറ്റാഗാവ, ഓസ്ട്രേലിയയിലെ റിച്ചാര്‍ഡ് റോബ്‌സണ്‍ എന്നിവരുമായി ചേര്‍ന്നാണ് പ്രൊഫ. യാഗി, സമ്മാനം പങ്കിട്ടത്. പ്രൊഫസര്‍ ഒമറിന്റെ നേട്ടത്തില്‍ അറബ് ലോകം, പ്രത്യേകിച്ച് സൗദി അറേബ്യ അതീവ സന്തോഷത്തിലാണ്.

പ്രൊഫസര്‍ യാഗിയുടെ പ്രധാന കണ്ടുപിടുത്തം, ശക്തമായ രാസബന്ധനങ്ങള്‍ ഉപയോഗിച്ച് ലോഹ അയോണുകളെയും ഓര്‍ഗാനിക് തന്മാത്രകളെയും പരസ്പരം ബന്ധിപ്പിച്ച് രൂപകല്‍പ്പന ചെയ്യുന്ന അതി-സുഷിരങ്ങളുള്ള (ultra-porous) ക്രിസ്റ്റല്‍ സംയുക്തങ്ങളായ MOF-കളെക്കുറിച്ചാണ്. ഒരു സ്പൂണ്‍ MOFസിന് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ ഉപരിതല വിസ്തീര്‍ണ്ണത്തോളം വാതകങ്ങളെ വലിച്ചെടുക്കാനുള്ള ശേഷിയുണ്ട്.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുക്കാനും, അപകടകരമായ രാസവസ്തുക്കളില്‍ നിന്ന് ജലം ശുദ്ധീകരിക്കാനും, മരുഭൂമിയിലെ അന്തരീക്ഷത്തില്‍ നിന്ന് പോലും ജലം വേര്‍തിരിച്ചെടുക്കാനും ഈ സാമഗ്രികള്‍ക്ക് കഴിയും. ഊര്‍ജ്ജ സംഭരണം, പരിസ്ഥിതി ശുദ്ധീകരണം തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ ഇത് നിര്‍ണ്ണായകമാണ്.

ജോര്‍ദാനിലെ അമ്മാനില്‍ ജനിച്ച പ്രൊഫസര്‍ യാഗി, നിലവില്‍ യു.എസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, ബെര്‍ക്ക്ലിയിലെ കെമിസ്ട്രി പ്രൊഫസറാണ്. 2021-ല്‍ റോയല്‍ ഡിക്രി വഴി അദ്ദേഹത്തിന് സൗദി പൗരത്വം ലഭിച്ചു. കൂടാതെ, സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (KACST) ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്.

സൗദി വിഷന്‍ 2030-ന്റെ ഭാഗമായി, രാജ്യത്തെ ഗവേഷണ-നൂതനാശയ മേഖലകളെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് സൗദി പൗരത്വമുള്ള ഒരു ശാസ്ത്രജ്ഞന് നൊബേല്‍ സമ്മാനം ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രൊഫസര്‍ യാഗിയുടെ ഈ നേട്ടം സൗദി അറേബ്യയുടെ ശാസ്ത്ര ഗവേഷണ രംഗത്തെ ആഗോള സ്ഥാനത്തിന് ഊര്‍ജ്ജം പകരും.
