സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങള് നിശ്ചയിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘വിഷന് 2031′ സെമിനാർ പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ ഒക്ടോബർ 13, തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ എന്ന സെമിനാർ രാവിലെ 10 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.

കേരളത്തെ 2031–ഓടെ പുരോഗമനപരവും വികസിതവുമായ ഒരു സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ‘വിഷൻ 2031’ എന്ന പേരിൽ 33 മേഖലകളിൽ സെമിനാർ സംഘടിപ്പിക്കുന്നത്. 2031-ൽ കേരള സംസ്ഥാനം സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ, നമ്മുടെ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ച വിലയിരുത്തിയും ഭാവിയിലേക്കുള്ള വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുകയാണ് ഈ സെമിനാറുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

2031ൽ സംസ്ഥാനം എങ്ങനെയാകണം എന്നതിനെക്കുറിച്ച് വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കാനുള്ള ആശയങ്ങളുടെ പങ്കുവയ്ക്കലും സമാഹരണവുമാണ് ഈ സെമിനാറുകളിൽ നടക്കുന്നത്.ഇതിന്റെ ഭാഗമായി നടക്കുന്ന ധനകാര്യ സെമിനാറിൽ കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിൽ ധനകാര്യ വകുപ്പും, ലൈൻ വകുപ്പുകളും, വകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കും. അവയ്ക്കുമുന്നിലുള്ള വെല്ലുവിളികളും സാധ്യതകളും വിലയിരുത്തും.

ഇക്കാലയളവിൽ സംസ്ഥാനം കൈവരിച്ച ധനപരമായ നേട്ടങ്ങൾക്കൊപ്പം സമീപ ഭാവിയിൽ കേരളം നേരിടേണ്ടി വരുന്ന അടിസ്ഥാന പ്രശ്നങ്ങളും ചർച്ച ചെയ്യും. ഇതിനായി മൂന്ന് സെഷനുകളിലായാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10ന് ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ സെമിനാറിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. ‘കേരളം@2031: ഒരു പുതിയ ദർശനം’ എന്ന അവതരണവും അദ്ദേഹം നടത്തും. ‘കേരളത്തിന്റെ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക നേട്ടങ്ങൾ’ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അവതരിപ്പിക്കും. ധനകാര്യ റിസോഴ്സ് സെക്രട്ടറി അജിത് പാട്ടീൽ സ്വാഗതവും എകസ്പെൻഡിച്ചർ സെക്രട്ടറി കേശവേന്ദ്രകുമാർ നന്ദിയും പറയും.

11.45ന് മൂന്ന് സമാന്തര സെഷനുകളായി പാനൽ ചർച്ചകൾ ആരംഭിക്കും. ഒന്നാം സമാന്തര സെഷനിൽ ‘കേരളത്തിന്റെ സാമ്പത്തിക വളർച്ചാ മാതൃകകൾ, പുത്തൻ സാധ്യതകൾ’ എന്ന വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അധ്യക്ഷനാകും. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ്, ഐബിഎസ് സ്ഥാപകനും എക്സിക്യുട്ടിവ് ചെയർമാനുമായ ഡോ. വി കെ മാത്യൂസ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സി ജെ ജോർജ്, എൻഎഫ്ടിഡിസി (Non-Ferrous Materials Technology Development Centre, Hydrabad) ഡയറക്ടർ ഡോ. കെ ബാലസുബ്രഹ്മണ്യൻ, കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി, സ്വീറ്റ് ലൈം സ്ഥാപകനും ഡയറക്ടറുമായ സജ്ഞയ് ഡാഷ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

‘കയറ്റുമതിയും തുറമുഖ അധിഷ്ഠിത വികസനവും’ എന്നതാണ് മറ്റൊരു സമാന്തര സെഷന്റെ വിഷയം. കൊച്ചിൻ പോർട് അതോറിട്ടി ചെയർമാൻ ബി കാശിനാഥൻ അധ്യക്ഷനാകും. പോർട് അതോറിട്ടി മുൻ ചെയർമാൻ എൻ രാമചന്ദ്രൻ, കേരള എക്സ്പോർട്ടേഴ്സ് ഫോറം പ്രസിഡന്റ് കെ എം ഹമീദ് അലി, സിഐഐ ചെയർപേഴ്സൺ വി കെ സി റസാഖ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ടാസ്ക് ഫോഴ്സ് ഓൺ എക്സ്പോർട്സ് ചെയർ അലക്സ് കെ നൈനാൻ, സെന്റർ ഫോർ ഡെവലെപ്പ്മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സി വീരമണി, കെഎസ്ഐഡിസി എംഡി പി വിഷ്ണുരാജ്, വിസിൽ എംഡി ഡോ. ദിവ്യ എസ് അയ്യർ എന്നിവർ സംസാരിക്കും

മൂന്നാമത് സമാന്തര സെഷൻ ‘ധനകാര്യ ഫെഡറലിസവും ജിഎസ്ടി സംവിധാനവും’ എന്ന വിഷയം ചർച്ച ചെയ്യും. സംസ്ഥാന ജിഎസ്ടി കമീഷണർ അജിത് പാട്ടീൽ അധ്യക്ഷനാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫസർ ഡോ. പിനാകി ചക്രബർത്തി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ആർ രാമകുമാർ, കെയുആർഡിഎഫ്സി എംഡി എസ് പ്രേംകുമാർ, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, ജിഎസ്ടി അഡീഷണൽ ഡയറക്ടർ ആർ ശ്രീലക്ഷ്മി എന്നിവർ പങ്കെടുക്കും.

ഉച്ചയ്ക്കുശേഷം 3.30ന് സമാപന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ ഉപസംഹാരം നടത്തും. ധനകാര്യ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സച്ചിൻ യാദവ് നന്ദി പറയും.
ജിഎസ്ടിയുടെ നടപ്പാക്കൽ, നോട്ട് നിരോധനം, പ്രളയവും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ, നിപ്പ, അതിനുപിന്നാലെ എത്തിയ കോവിഡ് മഹാമാരി തുടങ്ങി കേരളസമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ച പ്രതിസന്ധികൾ നേരിട്ടാണ് സർക്കാർ പത്താം വർഷത്തിൽ എത്തിനിൽക്കുന്നത്.

കേന്ദ്രസർക്കാർ കേരളത്തോട് കൈക്കൊണ്ട ഉപരോധസമാനമായ നടപടികൾ സംസ്ഥാനത്ത് സാമ്പത്തികഞെരുക്കം സൃഷ്ടിച്ചു. സംസ്ഥാനത്തിന്റെ നികുതിവിഹിതത്തിലും കടപരിധിയിലും വരുത്തിയ വെട്ടിക്കുറവ്, കേന്ദ്രാവിഷ്കൃത പദ്ധതി കളുടെ നടത്തിപ്പിൽനിന്നും കേന്ദ്രവിഹിതം കുറവുചെയ്യൽ, പദ്ധതികളിൽ ബ്രാൻഡിംഗ് നിർബന്ധമാക്കൽ തുടങ്ങിയവ സംസ്ഥാനവരുമാനത്തെ പ്രതികൂലമായിബാധിച്ചു. ജിഎസ്ടി നിരക്കുകളിലെ വെട്ടിക്കുറവും പുനക്രമീകരണവും അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ ചുങ്കത്തിലെ പുതിയ നിബന്ധനകൾ തുടങ്ങിയവയെല്ലാം കേരളത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഈ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തെ മികച്ച നിലയിൽ മുന്നോട്ടുകൊണ്ടു പോകാൻ നമുക്ക് കഴിഞ്ഞു. വികസന ക്ഷേമരംഗങ്ങളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാനായി. സംസ്ഥാനത്തിന്റെ തനതുവരുമാനം ഒരു ലക്ഷം കോടിയിലേക്ക് അടുക്കുകയാണ്. ബജറ്റ് വലുപ്പമാകട്ടെ രണ്ട് ലക്ഷം കോടിയിലേയ്ക്കും. കേരളത്തിന്റെ ആകെ പ്രതിവർഷചെലവ് ശരാശരി 1.65 ലക്ഷം കോടിയായും വളർന്നു. 2025 സെപ്റ്റംബറിൽ സി ആൻഡ് എജി പുറത്തുവിട്ട ‘State Finance’ എന്ന റിപ്പോർട്ടിൽ സംസ്ഥാനം കൈവരിച്ച ധനകാര്യനേട്ടങ്ങൾ എണ്ണിപറയുന്നു.

സ്വന്തംവരുമാനം വർദ്ധിപ്പിക്കുന്നതിലും മൂലധനചെലവിന്റെ വർദ്ധനവിലും കടബാധ്യത കുറച്ചുകൊണ്ടു വരുന്നതിലുമുള്ള കേരളത്തിന്റെ നേട്ടം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്.
വിഴിഞ്ഞം തുറമുഖം, തെക്ക് വടക്ക് ദേശീയപാത തുടങ്ങിയ വൻകിട വികസനപദ്ധതികൾ യാഥാർത്ഥ്യമാക്കാനായി. 62 ലക്ഷം പേർക്ക് നൽകുന്ന സാമൂഹ്യസുരക്ഷാ പെൻഷനും 42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയും ശക്തമായി മുന്നോട്ടുപോകുകയാണ്. വ്യവസായരംഗത്തും ഉൽപ്പാദന രംഗത്തും ഉന്നതവിദ്യാഭ്യാസ ഗവേഷണരംഗത്തും വലിയ കുതിച്ചുചാട്ടം സ്യഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു. ഇത് കൂടുതൽ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.

നവകേരള സൃഷ്ടിക്കായി നാം ആസൂത്രണം ചെയ്തതും ഏറ്റെടുത്തതുമായ പദ്ധതികളുടെ പൂർത്തീകരണം ഉറപ്പാക്കണം. അതിനൊക്കെ ഉതകും വിധം കേരള വികസനത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയും അവലോകനം ചെയ്യുകയാണ് സെമിനാറിലൂടെ ഉദ്ദ്യേശിക്കുന്നത്. ഒപ്പം വിജ്ഞാനസമ്പദ് വ്യവസ്ഥയെയും പുതിയ ഉൽപാദന മേഖലകളെയും മുൻനിർത്തി പുതിയ വികസന പരിപ്രേക്ഷ്യംചർച്ചചെയ്യുന്നതിനുമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.