ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡ് തുടരുന്നതിനിടെ നടൻ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). രാവിലെ ദുൽഖർ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമങ്ങളോട് താരം പ്രതികരിച്ചില്ല. നേരെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോവുകയായിരുന്നു. നേരത്തെ, ദുൽഖറിൽ നിന്ന് വിവരങ്ങൾ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.

മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടന്നത്. മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.