മുണ്ടക്കെ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ :കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ വിമർശിച്ചു.

മുണ്ടക്കെ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അത് കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും, അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

vayanadബാങ്ക് വായ്പ എഴുതി തള്ളാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ ആര്‍ജവം കാണിക്കണം. കേന്ദ്രത്തിന് അധികാരമില്ലെന്ന ന്യായമല്ല പറയേണ്ടത്. ഇതാണ് സമീപനമെങ്കില്‍ കോടതിക്ക് കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കേരള ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

ആര്‍ബിഐ സര്‍ക്കുലറില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് പരിമിതികളുണ്ടെന്നാണോ?. കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറാണോ എന്നതാണ് പ്രധാനം? ഈ വിഷയത്തില്‍ നിങ്ങള്‍ അധികാരമില്ലാത്തവരാണെന്നല്ല. നടപടിയെടുക്കാന്‍ അടിസ്ഥാനപരമായി തയ്യാറാകാത്തതാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പരാജയപ്പെടുത്തരുത്. കേന്ദ്രത്തിന്റെ ഔദാര്യമല്ല വേണ്ടത്. ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന് കീഴിലുള്ള ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ബാങ്കുകളെ കക്ഷിചേര്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2024 ജൂലൈ 30 ന് വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ ഇതിനകം തന്നെ വായ്പകള്‍ എഴുതിത്തള്ളിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതാണെങ്കില്‍, അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ചിറ്റമ്മ മനോഭാവം ശരിയല്ല. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാനും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു.