നിത്യ ജീവിതത്തിന്‍റെ അടരുകൾ

ചെറിയ കഥയാണ് ചെറുകഥ എന്ന ലളിതമായ വ്യാഖ്യാനം ശരിയല്ല. ഒരു നല്ല ചെറുകഥ ജീവിതത്തെ കാര്യമായി സ്പർശിക്കുന്ന ഒരു ജീവിത മുഹൂർത്തത്തിൽ കേന്ദ്രീകരിച്ച് ഒരു കഥാപാത്രത്തിന്‍റെ ആന്തരിക ലോകത്തിന്‍റെ വ്യാപാരങ്ങളെ എടുത്തുകാട്ടി ആ നിർണ്ണായക മുഹൂർത്തം എങ്ങിനെയാണ് മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന് കാണിച്ചു തരുന്നു. അനുഭവങ്ങളുടെ വൈവിദ്ധ്യത്തെ ആവിഷ്കരിച്ച് ജീവിതം എന്തെന്ന് മനസ്സിലാക്കിത്തരുന്നു. അങ്ങിനെ നോക്കുമ്പോൾ ജീവിതത്തിലെ ഒരു സംഭവത്തിന്‍റെയോ രംഗത്തിന്‍റെയോ ഭാവത്തിന്‍റെയോ ഗദ്യത്തിലുള്ള ചിത്രമാണ് ചെറുകഥ എന്നു പറയാം. അത് യഥാർത്ഥ മനുഷ്യരുമായി സാമ്യപ്പെടുന്ന കഥാപാത്രങ്ങളെ വിശ്വസനീയമായ ജീവിത ചിത്രങ്ങളിലൂടെ ഭാവപൂർണ്ണമായ അന്തരീക്ഷം സൃഷ്ടിച്ച് ഒരു കഥാപാത്രത്തെയോ ഭാവത്തെയോ കേന്ദ്രീകരിച്ചുള്ള ഒരു തരം ധ്യാനാത്മകമായ ആഖ്യാനമാണെന്നു പറയാം. ഇതിലൂടെ ജീവിതത്തിന്‍റെ ചില ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച്ച പകരാൻ കഴിയുമ്പോഴാണ് ഒരു കഥ സഫലമായി എന്നു പറയാനാവുക.

ഈ ഒരു പശ്ചാത്തലത്തിൽ വേണം ശിവകുമാർ മേനോന്‍റെ മൂന്നാമത്തെ സമാഹാരമായ “വെള്ളാരങ്കല്ലുകൾ” എന്ന കൃതിയെ നോക്കിക്കാണാൻ. ജീവിതം എന്ന വിസ്മയം തന്നെയാണ് ഇതിലെ ഇരുപത്തി അഞ്ചു കഥകളുടെയും ആധാരം. മനുഷ്യനിലുള്ള വിശ്വാസവും സ്നേഹവുമാണ് അതിന്‍റെ ആർദ്രത. തന്‍റെ ചുറ്റുമുള്ള നിരവധി അനുഭവങ്ങളാണ് തന്‍റെ കഥയുടെ പ്രമേയങ്ങളായി ശിവകുമാർ മേനോൻ തിരഞ്ഞെടുത്തിരിക്കു ന്നത്. വളരെ സാധാരണമെന്നു പ്രത്യക്ഷത്തിൽ തോന്നുന്ന ചില അനുഭവ ങ്ങളിൽ അസാധാരണമായ ചില ഭാവതലങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു എന്നതാണ് ഈ കഥാകാരന്‍റെ കഴിവ്. തന്‍റെ ചുറ്റും നിന്നു തുടിക്കുന്ന ജീവിതത്തിനെ പ്രതിയുള്ള തന്‍റെ ഉത്കണ്ഠകളെയാണ് അദ്ദേഹം ആവിഷ്കരിക്കുന്നതെന്ന് പറയാം. തന്‍റെ ഉള്ളിൽ രൂപം കൊള്ളുന്ന ഉത്കണ്ഠകൾക്കുള്ള പ്രതിവിധി എന്ന നിലയിലല്ല അദ്ദേഹം രചന നടത്തുന്നത്. മറിച്ച്, തന്‍റെ ചെറിയ ശബ്ദത്തിലൂടെ തന്‍റെ ചുറ്റുമുള്ള, തന്നെ അസ്വസ്ഥപ്പെടുത്തുന്ന ചില അനുഭവങ്ങളെ പ്രതിയുള്ള ഭീതികളെയും വേദനകളെയും ചില സമാന ഹൃദയരുമായി പങ്കിടാൻ യജ്ഞിക്കു ന്നതിലൂടെ ജീവിതത്തിന് തന്‍റെതായ ഒരർത്ഥം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.

ആധുനിക ജീവിതത്തിലെ പലതരത്തിലുള്ള ഒറ്റപ്പെടലുകളെ മനോഹ രമായി ആവിഷ്കരിക്കുന്ന കഥകളാണ് ‘ഐ.സി.യുവിലെ ഒരു ദിവസം’, ‘ഒരു മകനുണ്ടായിരുന്നെങ്കിൽ’ എന്നീ കഥകൾ. എല്ലാവരും ഉണ്ടായീട്ടും ജീവിതത്തിന്‍റെ സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യൻ ഐസിയുവിൽ കഴിഞ്ഞ ഒരു ദിവസം അനുഭവിച്ച സ്വാന്തന പരിചര ണങ്ങൾ അയാളുടെ ജീവിത പരിപ്രേക്ഷ്യത്തെ മാറ്റി മറിച്ചതെങ്ങി നെയെന്നാണ് ‘ഐസിയുവിലെ ഒരു ദിവസം’ പറഞ്ഞു വെയ്ക്കുന്നത്. കഠിനമായ പരിശ്രമങ്ങളിലൂടെ മുന്നേറിയിട്ടും തൊലിയുടെ കറുപ്പ് കാരണം മനസ്സിന്‍റെ വെളുപ്പ് കാണാതെപോയ കറുപ്പായി എന്ന വിളിപ്പേരുള്ള ശശിധരന്‍റെ ജീവിത സായാഹ്നത്തിൽ അയാളുടെ നന്മയെ ബാബു എന്ന ആൾ കണ്ടെത്തിയതിന്‍റെ സാഫല്യമാണ് “ഒരു മകനുണ്ടാ യിരുന്നെങ്കിൽ” എന്ന കഥ.

സ്നേഹം എന്ന വികാരം മനുഷ്യരെ എങ്ങിനെയൊക്കെ സ്വാധീനിക്കാം എന്നത് “സ്നേഹ ചായ”, “ലോട്ടറി മുരുകൻ”, “ആഗ്രഹങ്ങൾക്കുമപ്പുറം”, “സുകൃതം” എന്നീ കഥകൾ വിവിധ പരിതോവസ്ഥകളിലൂടെ ശിവകുമാർ മേനോൻ കാണിച്ചു തരുന്നു. ജീവിതത്തിലെ ലാഘവമിയന്ന ചില മുഹൂർത്തങ്ങളെ എങ്ങിനെ തെളിമയുള്ളതാക്കാം എന്ന വൈദഗ്ദ്ധ്യം അനുഭവപ്പെടുത്തി തരുന്ന കഥകളാണ് “ഗുണശേഖരൻ വക്കീലും മുൻസിഫ് കോടതിയും”, “പുഞ്ചിരി മത്സരം”, “വ്യാസൻ കേരളത്തിലേക്ക്”, “ഒരു വിമാന യാത്രയ്ക്കിടയിൽ” തുടങ്ങിയ കഥകൾ.

ശാരീരികാവസ്ഥ ഒറ്റപ്പെടുത്തുന്ന മനുഷ്യരിൽ ഉണ്ടാക്കുന്ന വിഷാദം, ഉത്കണ്ഠ, ഭയം, എന്നീ അവസ്ഥകളെ കുറിച്ചുള്ള മനോഹരമായ ആഖ്യാനമാണ് “കാണാക്കാഴ്ചകൾ”. ജന്മനാ അന്ധനായ വിജയനും ജീവിതത്തിന്‍റെ സായാഹ്നത്തിൽ കാഴ്ച മങ്ങിപ്പോയ ബാലചന്ദ്രനും എങ്ങിനെ ജീവിതത്തെ സമീപിക്കുന്നുവെന്നതും പ്രതിസന്ധിയെ നേരിടാൻ ബാലചന്ദ്രനെ വിജയൻ തയ്യാറെടുപ്പിക്കുന്നു എന്നതുമാണ് ഈ കഥയുടെ പ്രമേയം. അതുപോലെ തന്നെ സൌഹൃദം ജീവിതത്തിന് ഒരു താങ്ങു നല്കുന്നു എന്ന് വിശദമാക്കുന്ന കഥയാണ് “കർഷക ശ്രീ”. കൃഷിയിൽ കുറ ച്ചൊക്കെ വിജയം നേടിയ ജോഷി, അതിൽ പരാജിതനായി വിഷണ്ണനായ ബാബുവിനു നല്കുന്ന നിർദ്ദേശങ്ങൾ കൃഷിയ്ക്കു മാത്രമല്ല ജീവിതത്തിനു തന്നെയും ഉപകാരപ്രദമായ വസ്തുതകളാണ്. “ആരും കർഷകശ്രീയും മറ്റുമൊക്കെ ആകുന്നത് ഒരു ദിവസം കൊണ്ടല്ല. ഏറെ നാളത്തെ അനുഭവവും കഠിന പ്രയത്നവും കൊണ്ടാണ്”, “അറിഞ്ഞും അറിയാതെ യുമുള്ള തെറ്റുകളിൽ നിന്നല്ലേ കൂടുതൽ പഠിക്കുന്നത്” എന്നീ നിരീക്ഷണങ്ങൾ കൃഷിയെ സംബന്ധിച്ച് മാത്രമല്ല ജീവിതത്തെ സംബന്ധിച്ചുള്ള ഉൾക്കാഴ്ചകളാണ്. ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ആരാണ് എന്ന് മനസ്സിലാക്കാതെയുള്ള പെരുമാറ്റം എത്ര വലിയ വിഡ്ഡിത്തരത്തിലേയ്ക്കാണ് കൊണ്ടു ചെന്നെത്തിക്കുക എന്ന് “തിരിച്ചറിവ്” എന്ന കഥ കാണിച്ചു തരുന്നു.

ഒരു ആർദ്രമായ സ്നേഹത്തിന്‍റെ ആഖ്യാനമാണ് ശീർഷക കഥയായ “വെള്ളാരങ്കല്ലുകൾ”. പൊലിഞ്ഞു പോയ പ്രണയത്തെ പൊന്നുപോലെ ജീ വൻ പോലെ പരിരക്ഷിക്കാൻ ശ്രമിയ്ക്കുന്ന സോണാലി ചന്ദ്രശേഖര ന്‍റെയും അതിനു കളമൊരുക്കുന്ന സോണാലി വിനയന്‍റെയും ഭാവതരള മായ കഥയാണിത്. കല്ലുകളും കാത്തിരിപ്പും ജീവിതത്തിന്‍റെ ഊർജ്ജമാക്കി മാറ്റിയ വിനയന്‍ എന്ന പ്രണയി വായനക്കാരന്‍റെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്നു.

നൂറ്റിപ്പതിനാല് ദിവസം കൊണ്ട് ഏകദേശം മൂവായിരത്തി ഇരുനൂറ് കിലോമീറ്റർ ഏകനായി നടന്നു നർമ്മദാ പ്രദക്ഷിണം പൂർത്തിയാക്കിയ ശിവകുമാർ മേനോന് ആത്മീയത രക്തത്തിൽ ചേർന്നതാണ്. അതിന് മതപരമായ ഒരു പകിട്ടും ചാർത്തേണ്ടതില്ല. മറിച്ച് ആപത്ഘട്ടങ്ങളിൽ അനുഭവിച്ചറിയാനുള്ള ഒരു വികാരമാണ് ഈശ്വരൻ എന്ന തന്‍റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് “ഉണ്ണിക്കണ്ണന്‍റെ വികൃതികൾ”, “ശിവകൃപ”, “പരികർമ്മി” എന്നീ കഥകൾ.

സങ്കീർണ്ണമായ ലോകത്തിലെ സാധാരണമെങ്കിലും മനസ്സിനെ വല്ലാതെ നോവിപ്പിക്കുന്ന ചില അനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് “കൊച്ചു കൊച്ചു തെറ്റുകൾ”, “വിവാഹാഭരണ വിശേഷങ്ങൾ”, “കാമദേവന് ഒരു അവധി”, “കണിക്കൊന്ന പൂക്കുമോ” എന്നീ കഥകൾ. ജീവിതത്തിൽ എപ്പോഴോ എവിടെയോ വെച്ച് നമ്മിൽ പലരും അഭിമുഖീകരിച്ച ചില മുഹൂർത്തങ്ങൾക്ക് ഈ കഥകളിലൂടെ ശിവകുമാർ മേനോൻ സാരൂപ്യം നല്കിയിരിക്കുന്നു.

ഏതെങ്കിലും ഒരു ദർശനത്തിന് ദൃഷ്ടാന്തമാകാനല്ല ശിവകുമാർ മേനോൻ കഥകൾ രചിക്കുന്നത്. തന്‍റെ ഉള്ളിൽ നെടുവീർപ്പായി അലയുന്ന മുഹൂർത്തങ്ങളെ വ്യക്തിദു:ഖങ്ങളെ ഈ കാഥികൻ ആവിഷ്കരിക്കാൻ തത്രപ്പെടുന്നു. ഒരിക്കലും രചനാ തന്ത്രങ്ങളുടെ വിഭ്രമിപ്പിക്കുന്ന രീതി ഈ കാഥികൻ അനുവർത്തിക്കുന്നില്ല. മറിച്ച് തികച്ചും രേഖീയമായ ആഖ്യാനങ്ങളിലൂടെ സുതാര്യമായ ഭാഷയിലൂടെ അദ്ദേഹം വായനക്കാരന്‍റെ മനസ്സിലേക്ക് എത്തിപ്പെടുകയും തനിക്ക് നല്കാനുള്ള സന്ദേശം സഫലമായി പകർന്നു നൽകുകയും ചെയ്യുന്നു. സാമാന്യമായ അഭിരുചിയുടെ താളത്തിൽ കഥയെന്ന സാഹിത്യരൂപത്തെ സവിശേഷമായ ആത്മനിയോഗത്തിന്‍റെ തരളതയിൽ അവതരിപ്പിക്കുന്ന ഒരു കാഥികന്‍റെ സഫലമായ യജ്ഞമായി “വെള്ളാരങ്കല്ലുകൾ” എന്ന കഥാസമാഹാരത്തെ കാണേണ്ടിയിരിക്കുന്നു. അത് വായനക്കാരനെ പെട്ടെന്നു തന്നെ കഥയിലേക്ക് അടുപ്പിക്കുന്നു. അതാണല്ലോ ഒരു കാഥികന്‍റെ മികച്ച ധർമ്മവും ദൌത്യവും!

ഡോ. രതി മേനോൻ
മുൻ വകുപ്പദ്ധ്യക്ഷ
സെൻറ് സേവിയേഴ്സ് കോളേജ്
ആലുവ.