കേരളത്തില്‍ സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ്. ഇന്ന് ഗ്രാം വില 125 രൂപ വര്‍ധിച്ച് 11,070 രൂപയും പവന് വില 1,000 രൂപ ഉയര്‍ന്ന് 88,560 രൂപയുമായി. ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 87,560 രൂപ എന്ന റെക്കോഡാണ് ഇന്ന് വീണ്ടും ഭേദിച്ചത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാം വില 100 രൂപ ഉയര്‍ന്ന് 9,100 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,100 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,600 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയില്‍ ഇന്ന് 4 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദീപാവലിക്ക് മുന്നോടിയായി സ്പോട്ട് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ശക്തമായതും ആഗോളതലത്തില്‍ ഉണ്ടായ പോസിറ്റീവ് സൂചനകളുമാണ് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില റെക്കോര്‍ഡ് ഉയരത്തിലെത്താനുളള കാരണം.

അന്താരാഷ്ട്ര വിപണികളില്‍ തിങ്കളാഴ്ച ആദ്യമായി സ്വര്‍ണ്ണ വില ഔണ്‍സിന് 3,900 ഡോളര്‍ എന്ന നില മറികടന്നു. യുഎസ് ഗവണ്മെന്റ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന ആവശ്യം ഉയര്‍ന്നുവന്നതാണ് ഇതിന് കാരണം.