മത്സ്യത്തൊഴിലാളി നേതാവും പരിസ്ഥിതി പ്രവർത്തകനുമായ വി.ഡി.മജീന്ദ്രന്റെ വേർപാട് വേദനാജനകമാണെന്ന് വി എം സുധീരൻ

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന മുണ്ടംവേലി അത്തിപ്പൊഴി, വെളിപ്പറമ്പിൽ വി ഡി മജീന്ദ്രൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ പരിസ്ഥിതി വിഷയങ്ങളെല്ലാം സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നേതൃപരമായ പങ്ക് വഹിച്ചയാളാണ് മജീന്ദ്രൻ. കോൺഗ്രസ് നേതാവായിരുന്ന എൻ വേണുഗോപാലന്റെ പേഴ്‌സണൽ സെക്രട്ടറി ആയി മജീന്ദ്രൻ സേവന മനുഷ്ഠിച്ചിട്ടുണ്ട്.

കൊച്ചിയിലെ സാമൂഹ്യ-സാംസ്‌കാരിക-സേവന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന വി.ഡി.മജീന്ദ്രന്റെ വേർപാട് വളരെയേറെ വേദനാജനകമാണ്.
പരിസ്ഥിതി സംരക്ഷണത്തിനായി നിതാന്ത ജാഗ്രതയോടെ കർമ്മരംഗത്തുണ്ടായിരുന്ന മഹനീയ വ്യക്തിത്വമായിരുന്നു മജീന്ദ്രന്റേത്.

പാവപ്പെട്ടവർക്ക് സഹായം നൽകുന്നതിന് എന്നെന്നും മുൻപന്തിയിലുണ്ടായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളി ക്ഷേമപ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ദേഹാസ്വാസ്ഥ്യങ്ങൾക്കിടയിലും ജനതല്പര്യം സംരക്ഷിക്കുന്നതിന് അങ്ങേയറ്റം ആത്മാർഥമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വേർപാട് പൊതുസമൂഹത്തിന് തീരാനഷ്ടമാണ് വരുത്തിയിട്ടുള്ളത്.

സംവത്സരങ്ങളായി ഞാനുമായി അടുത്ത സ്നേഹബന്ധമുള്ള പ്രിയപ്പെട്ട മജീന്ദ്രന് അതീവ ദുഖത്തോടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.