ഹൈക്കോടതി രേഖയിൽ ശ്രീകോവിലിന്‍റെ മേല്‍ക്കൂരയ്ക്ക് സ്വര്‍ണാവരണംത്തിനു വിജയ് മല്യ നൽകിയത് 31.25 സ്വർണം.

ശബരിമല ധർമശാസ്താ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിന്‍റെ മേല്‍ക്കൂരയ്ക്ക് സ്വര്‍ണാവരണം നല്‍കാന്‍ 1998-ല്‍ ഉപയോഗിച്ചത് 31.25 കിലോഗ്രാം സ്വര്‍ണമെന്ന് ഹൈക്കോടതി രേഖ. ചെലവ് 1.75 കോടി രൂപ.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചീഫ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലായിരുന്നു പണികൾ. മദ്രാസ് മൈലാപ്പൂര്‍ ജെ എന്‍ആര്‍ ജൂവല്ലേഴ്‌സിനായിരുന്നു ചുമതല.

സ്വര്‍ണാവരണം നല്‍കുന്നതിനെതിരെ അന്ന് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ വിവരങ്ങളുള്ളത്. അയ്യപ്പന്‍ യോഗീശ്വരനായതിനാല്‍ സ്വര്‍ണാവരണം നല്‍കുന്നത് ഒഴിവാക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം.എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളി.

ശ്രീകോവിലിന്‍റെ മേല്‍ക്കൂരയില്‍ നാല് ലെയറായി 24 കാരറ്റ് സ്വര്‍ണഷീറ്റ് സ്ഥാപിക്കുമെന്നായിരുന്നു മദ്യവ്യവസായി വിജയ് മല്യ ചെയർമാനായ യുബി ഗ്രൂപ്പിൻ്റെ വാഗ്‌ദാനം

ശ്രീകോവിലിന്‍റെ മേല്‍ക്കൂരയ്ക്ക് സ്വര്‍ണത്തിൻ്റെ ആവരണം അണിയിക്കുന്നതോടൊപ്പം മൂന്ന് താഴികക്കുടങ്ങളും ശ്രീകോവിലിലെ പിച്ചള ഷീറ്റിലും സോപാനത്തിന്‍റെ മേൽത്തട്ടിലും സ്വര്‍ണം പൂശുമെന്നും വ്യക്തമാക്കിയിരുന്നു. 1904 കിലോഗ്രാം ചെമ്പുപാളികള്‍ വേണ്ടിവന്നു.

ഇതിനിടെ, മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി രംഗത്തെത്തിയിട്ടുണ്ട്. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ മോഷണം, വിശ്വാസ വഞ്ചന, സംഘടിത കൊള്ള എന്നിവ സംശയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍. കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ദേവസ്വം ബോര്‍ഡ്, ബോര്‍ഡിന്‍റെ ഉദ്യോഗസ്ഥര്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണം എന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ ലഭിച്ച ആളുകളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തണം എന്നാണ് സന്നിധാനം പോലീസില്‍ പരാതിയിലെ ആവശ്യം.

നേരത്തെ വിശ്വഹിന്ദു പരിഷത്തും സമാനമായ ആവശ്യം ഉന്നയിച്ച് പൊലീസിനെ സമീപിച്ചിരുന്നു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയലാണ് സന്നിധാനം പൊലീസില്‍ സമാനമായ പരാതി നല്‍കിയത്.