ബ്രൂവറി വിരുദ്ധ സമരത്തിൽ എലപ്പുള്ളി പഞ്ചായത്ത് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നു

ബ്രൂവറി വിരുദ്ധ സമരത്തിൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര ഐക്യദാർഢ്യ അഭിപ്രായപ്പെട്ടു.

കമ്പനിക്കെതിരെ നടത്തേണ്ട സമരങ്ങൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രതിപക്ഷകക്ഷിയെ ഉന്നംവെച്ച് നടത്തുന്നത് തികച്ചും പക്ഷപാതപരവും, നിലവിലെ ബ്രൂവറി വിരുദ്ധ സമരത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യംവെച്ചുള്ളതുമാണെന്നും സമിതി വിലയിരുത്തി.

കോൺഗ്രസ്സിൻ്റെ പ്രമുഖരായ സംസ്ഥാന – ജില്ലാ നേതാക്കളുടെ ഇടപെടലുകൾ അവഗണിച്ച് മണ്ണുക്കാട് ബ്രൂവറി വിരുദ്ധ സമര സമിതിയെയും, സമര ഐക്യദാർഢ്യ സമിതിയെയും ദുർബലപ്പെടുത്താനും, നിർജീവമാക്കാനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി നേതാക്കൾ അണിയറയിലും പരസ്യമായും ബോധപൂർവ്വം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അതു മനസ്സിലാക്കിയാണ് ഐക്യദാർഢ്യ സമിതിയിലെ രണ്ടു വ്യക്തികളെ പുറത്താക്കിയത്.

ബ്രൂവറി വിരുദ്ധ സമരത്തെ കേവലം മദ്യ വിരുദ്ധസമരമായി താഴ്ത്തിക്കെട്ടാനും, കാലക്രമേണ സമരത്തെ ദുർബലപ്പെടുത്തി കമ്പനിക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായാണ് ഒക്ടോബർ 6 ന് മണ്ണുക്കാട് ബ്രൂവറി ഒയാസിസ് പദ്ധതി, സിപിഎം ന്റെ അഴിമതി പദ്ധതിക്കെതിരെ പ്രതിഷേധ സമ്മേളനം എന്ന പേരിൽ ഗ്രാമപഞ്ചായത്ത് മുൻകയ്യെടുത്ത് എലപ്പുള്ളി പാറയിൽ നടത്തുന്ന പരിപാടിയുമായി ബ്രൂവറി വിരുദ്ധ സമര ഐക്യദാർഢ്യ സമിതിക്ക് യാതൊരു ബന്ധവുമില്ല. നിയമവിരുദ്ധപ്രവർത്തനം നടത്തുന്ന ക്വാറി മുതലാലാളിമാരിൽ നിന്നടക്കം ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന കേരളത്തിലെ പല ജനകീയ സമരങ്ങളുടെയും മറപിടിച്ച് പ്രവർത്തിക്കുന്ന ചില പൊതുപ്രവർത്തകരായ വ്യക്തികളും ഇതിന് പിന്നിലുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന പല ജനകീയ സമര നേതാക്കളെയും, പൊതു പ്രവർത്തകരെയും തെറ്റിദ്ധരിപ്പിച്ച് ഈ സമരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ ഇവർ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നുയെന്ന് എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര ഐക്യദാർഡ്യ സമിതി ചെയർമാൻ അഡ്വ. പി.എ. പൗരൻ,ജനറൽ കൺവീനർ പുതുശ്ശേരി ശ്രീനിവാസൻ എന്നിവർ കുറ്റപ്പെടുത്തി.

എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര സമിതിയെയും, സമര ഐക്യദാർഢ്യ സമിതിയെയും ദുർബലക്കാൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും, കോൺഗ്രസ്സിന്റെ പ്രാദേശിക നേതാക്കളും നടത്തുന്ന ഗൂഢാലോചനയിൽ പങ്കാളികളായ ബ്രൂവറി വിരുദ്ധ സമര ഐക്യദാർഢ്യ സമിതി വൈസ് ചെയർമാൻ വിളയോടി വേണുഗോപാലൻ, മാർഗ്ഗ നിർദ്ദേശക സമിതിയംഗം അഡ്വ.ജോൺജോസഫ്, എന്നിവരെ ഐക്യദാർഢ്യ സമിതിയിൽ നിന്നും കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു.

നിർദിഷ്ട കമ്പനിക്കെതിരെ നിയമാനുസൃതമായ ഒരു പരാതിയും ബന്ധപ്പെട്ട വകുപ്പുകളിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇതുവരെ നൽകിയിട്ടില്ല. പൊലൂഷൻ കൺട്രോൾ ബോർഡ്, ഫയർ & സേഫ്റ്റി, ഫാക്ടറീസ് & ബോയ്‌ലേഴ്‌സ്, സംസ്ഥാന ടൗൺ പ്ലാനർ, ഗ്രൗണ്ട് വാട്ടർ, ഇറിഗേഷൻ, റവന്യൂ, വൈദ്യുതി വകുപ്പുകളിലോ, സംസ്ഥാന-കേന്ദ്ര സർക്കാറുകളിലേക്കോ ശാസ്ത്രീയമായി പഠിച്ച് ശരിയായ ഒരു പരാതിപോലും കൊടുക്കാൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രാദേശിക പ്രതിഷേധങ്ങൾ നടത്തിയതുകൊണ്ട് മാത്രം എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമരം വിജയിപ്പിക്കാൻ കഴിയില്ല. എലപ്പുള്ളി ബ്രൂവറിക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാതെയും, കമ്പനിക്കെതിരെ ദുർബലമായ വാദങ്ങളുമായി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നത്. കോടതിയെ സമീപിച്ച് കമ്പനിക്ക് എതിരെ വിധി ഉണ്ടാക്കുവാൻ യാതൊരു നടപടിയും എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചിട്ടില്ല.

എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര ഐക്യദാർഡ്യ സമിതി ചെയർമാൻ അഡ്വ. പി.എ. പൗരൻ അധ്യക്ഷനായ യോഗത്തിൽ ജനറൽ കൺവീനർ പുതുശ്ശേരി ശ്രീനിവാസൻ, ഖജാൻജി സജീഷ് കുത്തന്നൂർ, ജനനീതി ചെയർമാൻ എൻ. പത്മനാഭൻ, ഹരിത ഡവല്മെൻ്റ് അസ്സോസിയേഷൻ പ്രസിഡന്റ് ആറുമുഖൻ പത്തിച്ചിറ, തേജസ് ട്രസ്റ്റ് ചെയർമാൻ രാജേഷ് കുത്തനൂർ, വിവരാവകാശ കൂട്ടായ്മ ജില്ലാ കോർഡിനേറ്റർ കെ.വി. കൃഷ്ണകുമാർ, മലയോര കർഷക സംരക്ഷണ സമിതി ചെയർമാൻ റെയ്മണ്ട് ആന്റണി, വി.എം. ഷൺമുഖദാസ്, സന്തോഷ് പട്ടഞ്ചേരി, തുടങ്ങിയവർ പ്രസംഗിച്ചു.