കരൂർ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കരൂരിലുണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്നും അപകടവുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടപ്പോൾ ഹൃദയം തകർന്നുവെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജി സെന്തിൽ കുമാർ പറഞ്ഞു. ടിവികെ നേതാവ് വിജയ്ക്ക് നേതൃത്വഗുണങ്ങളില്ലെന്നും അപകടം ഉണ്ടായപ്പോൾ സംഘാടകരും നേതാവും പ്രവർത്തകരെ ഉപേക്ഷിച്ച് സ്ഥലംവിട്ടെന്നും കോടതി കുറ്റപ്പെടുത്തി.

കരൂർ ദുരന്തത്തിൽ ടിവികെ ഖേദം പ്രകടിപ്പിച്ചതുപോലുമില്ല. ഇത് പാർട്ടി നേതാവിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ദുരന്തത്തിൽ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ല. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. സർക്കാരിന് ഒരിക്കലും വിഷയത്തിൽ മൗനം പാലിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എല്ലാവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ, പരിപാടി സംഘടിപ്പിച്ച പാർട്ടി അംഗങ്ങൾ സ്ഥലം വിട്ടു. എന്തുതരം രാഷ്ട്രീയ പാര്ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു. ടിവികെ ജനറൽ സെക്രട്ടറി ആനന്ദ്, എന്തോ വിപ്ലവം സൃഷ്ടിക്കുന്നതുപോലെ ഒരു കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലം അന്വേഷിച്ച് നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

ഇത്തരം നിരുത്തരവാദപരമായ പോസ്റ്റുകൾ പൊലീസ് ശ്രദ്ധാപൂർവ്വം അന്വേഷിച്ച് കേസ് രജിസ്റ്റർ ചെയ്യണം. കോടതി ഉത്തരവിനായി കാത്തിരിക്കുകയാണോ നിങ്ങൾ എന്നും ജസ്റ്റിസ് സെന്തിൽ കുമാർ ചോദിച്ചു. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സാമൂഹിക ഉത്തരവാദിത്തം പോലും ടിവികെയ്ക്ക് ഇല്ലെന്ന് കോടതി വിമർശിച്ചു. കരൂർ ദുരന്തത്തിൽ നടനും ടിവികെ സ്ഥാപക നേതാവുമായ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജിയിലാണ് കോടതിയുടെ വിമർശനം.

അതേസസമയം, കരൂർ ദുരന്തം അന്വേഷിക്കാൻ ഉത്തരമേഖലാ ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി ഹൈക്കോടതി അറിയിച്ചു. കരൂർ ജില്ലാ പൊലീസ് സൂപ്രണ്ടിനെയും സംഘത്തിൽ ഉൾപ്പെടുത്തി. കേസ് ഫയലുകൾ ഉടൻ കൈമാറാൻ കരൂർ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി.
