കമ്യുണിസ്റ്റുകളിൽ ‘ഹിന്ദുകമ്യൂണിസ്റ്റുകൾ’ കൂടിവരികയാണെന്ന വാദം ശരിയോ തെറ്റോ ?

സിപിഎമ്മിൽ അംഗത്വത്തിനുള്ള അപേക്ഷാപത്രത്തിൽ ആ പ്രതിജ്ഞപ്രകാരം .കമ്യൂണിസ്റ്റുകാരിൽ മതരക്തമില്ല .എന്നാലിപ്പോൾ നേതാക്കൾ മതാചാരങ്ങൾ നടത്തുന്നത് പതിവായിരിക്കുന്നു. നല്ല ഭക്തരാവാൻ ഗീത വായിക്കണമെന്ന് ഉപദേശിക്കുന്നു.

എഴുത്തു പഠിക്കാൻ പൊതുവിദ്യാലയങ്ങൾ തുറന്നുവെച്ച് സരസ്വതീപൂജയും ‘ഹരിശ്രീ ഗണപതായേ നമഃ’ എഴുത്തും വ്യാപകമാക്കുന്നു. അതിൽ എന്താണ് തടസ്സമെന്ന് അറിയാനുള്ള മാർക്സിസ്റ്റ് ധാരണപോലും ശേഷിക്കാതായിരിക്കുന്നുയെന്ന് പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ ഡോ. ആസാദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു .അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ശ്രദ്ധേയമാണ് .അദ്ദേഹത്തിന്റെ ഈ പോസ്റ്റിന്റെ പൂർണ രൂപം താഴെ :

“കമ്യൂണിസ്റ്റുകാർ കുട്ടികളെ എഴുത്തിനിരുത്തുന്നില്ലേ? നാവിൽ ഹരിശ്രീ എഴുതുന്നില്ലേ? ആ ഹിന്ദുമതാചാരം പിന്തുടരുന്നില്ലേ? ഒരാൾ ചോദിക്കുന്നു.

ശരിയാണ്. ഇപ്പോഴിപ്പോൾ അത് കൂടിവരുന്നുണ്ട്. കമ്യുണിസ്റ്റുകളിൽ ‘ഹിന്ദുകമ്യൂണിസ്റ്റുകൾ’ കൂടിവരികയാണ്. അവരെ, ആശയവാദ മാർക്സിസ്റ്റുകൾ എന്ന് പരസ്പരം ചേരാത്ത രണ്ടു പദങ്ങൾ ചേർത്തു വിളിക്കാവുന്ന കാലം വന്നിരിക്കുന്നു.

മതവിശ്വാസികൾക്ക് ഏത് പാർട്ടിയിലും ഏത് സംഘടനയിലും ചേർന്നുകൂടെ?
തീർച്ചയായും ആവാം. ചേർന്ന സംഘടനയുടെ ആശയങ്ങളിലേക്കും പരിപാടിയിലേക്കും ചേർന്നു നിൽക്കണം അവിടെ. വിശ്വാസവും പാർട്ടി പരിപാടിയും കൂട്ടിക്കുഴയ്ക്കാതെ ചേർന്നുപോകുംവരെ മാത്രമേ അതിൽ തുടരാനാവൂ. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലും മറ്റ് ബഹുജന സംഘടനാ പ്രവർത്തനത്തിലും വിശ്വാസങ്ങൾ പ്രശ്നമാവില്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ ഭൗതികവാദ ചിന്തയിലേക്ക് പ്രവേശിക്കുകയാവും ചെയ്യുന്നത്.

അംഗത്വത്തിനുള്ള അപേക്ഷാപത്രത്തിൽ ആ പ്രതിജ്ഞ കാണും.കമ്യൂണിസ്റ്റുകാരിൽ മതരക്തമില്ല എന്നാണല്ലോ കേട്ടുപോന്നത്. ഇപ്പോൾ പക്ഷേ, നേതാക്കൾ മതാചാരങ്ങൾ നടത്തുന്നത് പതിവായിരിക്കുന്നു. നല്ല ഭക്തരാവാൻ ഗീത വായിക്കണമെന്ന് ഉപദേശിക്കുന്നു. എഴുത്തു പഠിക്കാൻ പൊതുവിദ്യാലയങ്ങൾ തുറന്നുവെച്ച് സരസ്വതീപൂജയും ‘ഹരിശ്രീ ഗണപതായേ നമഃ’ എഴുത്തും വ്യാപകമാക്കുന്നു. അതിൽ എന്താണ് തടസ്സമെന്ന് അറിയാനുള്ള മാർക്സിസ്റ്റ് ധാരണപോലും ശേഷിക്കാതായിരിക്കുന്നു.

പൊതുജീവിതത്തിൽ രാമായണം വായനയും രാമൻ എന്ന നായകസങ്കല്പത്തിന്റെ വ്യാപനവും അതിവേഗമാക്കാൻ ഹിന്ദുത്വ സംഘപരിവാരങ്ങൾ ശ്രമിച്ചത് നാം കണ്ടതാണ്. അതേമട്ടുള്ള സംഘപരിവാര നിശ്ചയങ്ങൾ ഇപ്പോൾ ഹിന്ദുത്വ കമ്യൂണിസ്റ്റുകളും ഏറ്റെടുക്കുന്നു. ഇന്ത്യയുടെ ദേശീയസാംസ്കാരം ഈമട്ട് ഹിന്ദുത്വ ചാതുർവർണ്യ സംസ്കാരമാണെന്ന് പൊതുസമ്മതിയുണ്ടാക്കാൻ കൂട്ടു നിൽക്കുന്നു! ഇങ്ങനെയൊരു കമ്യൂണിസ്റ്റ് പാർട്ടിയെ മാർക്സ് വാദി കമ്യൂണിസ്റ്റ് പാർട്ടി എന്നല്ല മനുവാദി കമ്യൂണിസ്റ്റ് പാർട്ടി എന്നാണ് വിളിക്കേണ്ടത്.

വിജയദമി ആഘോഷം ഹിന്ദുമതത്തിന്റേതാണ്. ആയുധപൂജയും സരസ്വതീപൂജയും ഹിന്ദുമതാചാരമാണ്. ഒരു മതേതര രാജ്യത്ത് അതെല്ലാം മതങ്ങൾക്കും മതസ്ഥാപനങ്ങൾക്കും അകത്താവാം. അല്ലാതെ അതൊന്നും പൊതുജീവിതത്തിന്റെ ഭാഗമാവേണ്ടതില്ല. നേതാക്കളും സാംസ്കാരിക പ്രമുഖരും പൗരപ്രമുഖരും എഴുത്തുകാരും മാദ്ധ്യമങ്ങളും ഹിന്ദുത്വ ഫാഷിസത്തിന്റെ കാലത്ത് അതിന് വേഗം കൂട്ടുന്ന ദല്ലാൾപണി ചെയ്യേണ്ടതില്ല. അതിലും ഭേദം കൊടിയും മുദ്രാവാക്യവും മതേതര ഭാഷണവും പുരോഗമന ജനാധിപത്യ ഉദ്ബോധനങ്ങളും വലിച്ചെറിഞ്ഞ് സംഘപരിവാരത്തിൽ ലയിക്കുന്നതാവും.”