പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും ഒരുമിച്ച് ആശുപത്രി വിട്ടു

പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും ഒരുമിച്ച് ആശുപത്രി വിട്ടു. രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിന്റെ ഇടവേളയില്‍ ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ അങ്കമാലി നായത്തോട് സ്വദേശി അജിന്‍ ഏലിയാസും (28) കൊല്ലം കരുകോണ്‍ സ്വദേശി ആവണി കൃഷ്ണയുമാണ് (13) പുതിയ ഹൃദയത്തുടിപ്പുകളുമായി ആശുപത്രി വിട്ടത്.

ഫാ. പോള്‍ കരേടന്‍, അജിന്‍ ഏലിയാസ്, ആവണി കൃഷ്ണ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം

കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയമാണ് അജിനില്‍ മിടിക്കുന്നത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച ഐസക്ക് ഇനി ജീവിതത്തിലേക്ക് മടങ്ങി എത്തില്ല എന്ന് മനസ്സിലാക്കിയ കുടുംബം അത്യന്തം വേദനയോടെയെങ്കിലും അവയവദാനത്തിന് തയ്യാറാകുകയായിരുന്നു.

കഴിഞ്ഞ 10 ന് രാത്രിയോടെയാണ് ലിസി ആശുപത്രിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോയില്‍ നിന്നും സന്ദേശം എത്തിയത്. പ്രാഥമിക പരിശോധനയില്‍ ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന്‍ ഏലിയാസിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ഹൃദയം എടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. ദാതാവില്‍ നിന്നും ഹൃദയം എടുത്ത് നാല് മണിക്കൂറിനുള്ളില്‍ സ്വീകര്‍ത്താവില്‍ സ്പന്ദിച്ചു തുടങ്ങിയാലെ ഏറ്റവും നല്ല ഫലം ലഭിക്കുകയുള്ളു എന്നുള്ളതിനാല്‍ തിരുവനന്തപുരത്തു നിന്നും ചുരുങ്ങിയ സമയം കൊണ്ട് ഹൃദയം എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു.

സിന്ധു സന്തോഷ്, അജിന്‍ ഏലിയാസ്, ആവണി കൃഷ്ണ, വി.ആര്‍. രാജേഷ്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം

തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ മന്ത്രി പി രാജീവ് വഴി മുഖ്യമന്ത്രിയെ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയിരുന്നെങ്കിലും അദ്ദേഹം, സംസ്ഥാന സര്‍ക്കാര്‍ പോലീസ് സേനയ്ക്കായി വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്റര്‍ അവയവം കൊണ്ടു വരുന്നതിനായി വിട്ടുനല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പൂര്‍ണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റര്‍ സേവനം വിട്ടു നല്‍കിയത്.

ഹൃദയധമനികള്‍ക്ക് വീക്കം സംഭവിക്കുന്ന കവാസാക്കി എന്ന അസുഖം ആയിരുന്നു അജിന് ഉണ്ടായിരുന്നത്. 2012 ല്‍ അദ്ദേഹം മറ്റൊരു ആശുപത്രിയില്‍ ബൈപ്പാസ് സര്‍ജറിക്കും പിന്നീട് ആന്‍ജിയോപ്ലാസ്റ്റിക്കും വിധേയനായിരുന്നു. അതിനുശേഷം ഹൃദയപരാജയം സംഭവിക്കുകയും ലിസി ആശുപത്രിയില്‍ എത്തുകയുമായിരുന്നു.

അദ്ദേഹത്തെ പരിശോധിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴി എന്ന് നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് ഹൃദയത്തിനായി കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയുമായിരുന്നു.

ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ് , ഡോ. ശ്രീശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പുലര്‍ച്ചെ കിംസ് ആശുപത്രിയിലേക്ക് തിരിക്കുകയും അവിടെയെത്തി എട്ടു മണിയോടെ ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും
ചെയ്തു.

ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഉച്ചക്ക് 12:35ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ 1:30 ന് ഹയാത്തിന്റെ ഹെലിപാഡില്‍ എത്തുകയും കേവലം നാലു മിനിറ്റുകൊണ്ട് പോലീസ് സേന ഒരുക്കിയ ഗ്രീന്‍ കോറിഡോറിലൂടെ ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു.
അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ (18) ഹൃദയമാണ് ആവണിയില്‍ സ്പന്ദിക്കുന്നത്.

വാഹനാപകടത്തിലുണ്ടായ ഗുരുതരമായ പരുക്കിനെ തുടര്‍ന്ന് ബില്‍ജിത്തിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ബില്‍ജിത്തിന്റെ ഹൃദയവുമായി പുലര്‍ച്ചെ ഒരു മണിയോടെ അങ്കമാലിയില്‍ നിന്നും തിരിച്ച വാഹനം പോലിസ് സേനയുടെ സഹായത്തോടെ കേവലം ഇരുപത് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തിച്ചാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു ആവണിക്ക്. വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് അവയവദാനത്തില്‍ ഇടിവ് സംഭവിച്ചതിനാല്‍ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ചികിത്സ തേടുവാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞപ്പോള്‍ ആവണിയുടെ മാതാപിതാക്കള്‍ വലിയ വിഷമത്തിലായിരുന്നു. അതിനിടയില്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നീണ്ട ആശുപത്രി വാസവും വേണ്ടി വന്നിരുന്നു. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബില്‍ജിത്തിന്റെ കുടുംബത്തിന്റെ മഹാദാനത്തിലൂടെ ആവണി ജീവിതം തിരികെ പിടിച്ചത്.

അവയവദാനമെന്ന ഏറ്റവും മഹത്തായ ദാനത്തിന് തയ്യാറായ ഐസക്കിന്റെയും ബില്‍ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് അജിനും ആവണിയും നന്ദി
പറഞ്ഞു.

രണ്ട് പേരുടേയും ആരോഗ്യനിലയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പരിപൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തി. അവര്‍ക്ക് വൈകാതെ തന്നെ മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ‘ബ്രേവ് ഹാര്‍ട്ട്‌സ് ‘ ഗ്രൂപ്പിലേക്ക് രണ്ട് പേര്‍ കൂടി വന്നതിന്റെ സന്തോഷത്തിലാണ് ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവച്ചവര്‍. മുപ്പത് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ലിസിയില്‍ ഇതുവരെ നടന്നത്.

തുടര്‍ച്ചയായി നടന്ന അവയവദാനങ്ങളും വിജയകരമായ ശസ്ത്രക്രിയകളും സമൂഹത്തില്‍ വലിയ അവബോധം സൃഷ്ടിച്ചുവെന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരത്തിലധികം പേര്‍ അവയവദാനത്തിന് തയ്യാറായി രജിസ്റ്റര്‍ ചെയ്തുവെന്നും കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു.

ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍, ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ.റെജു കണ്ണമ്പുഴ, ഫാ. ഡേവിസ് പടന്നയ്ക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് രണ്ട് പേരെയും യാത്രയാ
ക്കിയത്.

ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. സാജന്‍ കോശി, ഡോ. എസ്. ആര്‍. അനില്‍, ഡോ. പി മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ജനു റോസ്, ഡോ. ആബിദ് ഇക്ബാല്‍, ഡോ. ജഗന്‍ ജോസ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികള്‍ ആയിരുന്നു.

കവർ ഫോട്ടോ :ഡോ. റോണി മാത്യു, ഫാ. പോള്‍ കരേടന്‍, അജിന്‍ ഏലിയാസ്, ആവണി കൃഷ്ണ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജേക്കബ്ബ് എബ്രഹാം, സന്തോഷ്‌കുമാര്‍, അമല്‍ കൃഷ്ണന്‍, സിന്ധു സന്തോഷ്‌