സംരക്ഷിക്കാനാവാത്ത വിധം നശിച്ച പുരാരേഖകൾ നശിപ്പിക്കാം എന്നാണ് ഇപ്പോൾ നിയമസഭ പാസ്സാക്കിയ പൊതുരേഖാ ബിൽ കല്പിക്കുന്നതെന്ന് ചരിത്രകാരനായ ചെറായി രാമദാസ് അഭിപ്രായപ്പെട്ടു . ഏത് നശിച്ച / പൊടിഞ്ഞ രേഖയും സംരക്ഷിക്കാൻ ആധുനിക സാങ്കേതികവിദ്യകളുണ്ടെന്ന് അറിയുന്ന ഒരാളെങ്കിലും നമ്മുടെ നിയമസഭയിലില്ലാതെ പോയല്ലോ എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത് ..

ഇതുസംബന്ധിച്ച് ചെറായി രാമദാസ് പറഞ്ഞതിങ്ങനെയാണ് :
“നൂറ്റാണ്ടുകൾ പഴക്കമുള്ള, ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത, ഈ നാടിൻ്റെ ചരിത്ര കാലങ്ങൾ താണ്ടി വന്ന, ജനതയുടെ പൂർവിക സ്വത്തിനാണ് വിവരംകെട്ട ഈ നിയമം കൊലക്കയർ വിധിച്ചിരിക്കുന്നത്. കേരള ആർക്കൈവ്സിൻ്റെ നാല് കേന്ദ്രങ്ങളിൽ നിന്നുമായി ഞാൻ ക്യാമറയിൽ പകർത്തിയ ഒട്ടേറെ പൊടിഞ്ഞ പുരാരേഖകൾ എൻ്റെ കംപ്യൂട്ടറിലുണ്ട്.
ജനവിരുദ്ധ ബിൽ പാസ്സാക്കിയവർക്കു മുന്നിൽ അവ പ്രദർശിപ്പിക്കാൻ ഞാൻ തയ്യാറാണ്. അവയിൽ ശേഷിക്കുന്ന ഓരോ അക്ഷരവും ഈ നാടിൻ്റെ പോയ കാലങ്ങളുടെ അടിസ്ഥാന തെളിവുകളാണ്. ആ ഓരോ അക്ഷരവും സംരക്ഷിക്കാൻ വേണ്ട സാങ്കേതികവിദ്യ ഇന്നുണ്ട്.

19 കൊല്ലം മുൻപ് ഞാൻ സർക്കാറിനു നൽകിയ അപേക്ഷ , ബന്ധപ്പെട്ട അധികാരികൾ വായിക്കയെങ്കിലും ചെയ്തിരുന്നെങ്കിൽ , ഇന്ന് വെളിപാട് പോലെ നിങ്ങൾ വിളിച്ചു പറയുന്ന ഈ രേഖാ നാശം സംഭവിക്കില്ലായിരുന്നല്ലോ. അവരുടെ അധോലോക ധനകൊള്ളയെപ്പറ്റി ഓഡിറ്റ് റിപ്പോർട്ടുകളും പത്രങ്ങളും പറഞ്ഞതിലേക്ക് തത്കാലം കടക്കുന്നില്ല. രേഖാ സംരക്ഷണമല്ല , പൊതുപണം കൊള്ളയടിക്കലായിരുന്നു ഉദ്യോഗസ്ഥ വേഷധാരികളായ ആ സാമൂഹികവിരുദ്ധരുടെ ഉന്നം എന്നു മാത്രം ചുരുക്കുന്നു.