പരാതി നല്‍കിയ സ്‌പോണ്‍സർ പ്രതിക്കൂട്ടിൽ ;ശബരിമലയില്‍ നിന്നും കാണാതായ പീഠം കണ്ടെത്തി

ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്. ദേവസ്വം വിജിലന്‍സാണ് പീഠം കണ്ടെടുത്തത്.

ശബരിമലയില്‍ രണ്ടാമതൊരു ദ്വാരപാലക പീഠം കൂടി നിര്‍മ്മിച്ചു നല്‍കിയിരുന്നുവെന്നും അതു കാണാനില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതാണ് സ്‌പോണ്‍സറുടെ കൈവശം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. സ്‌പോണ്‍സറുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ് റൂമിലടക്കം പരിശോധന നടത്തിയിരുന്നു.

പീഠം കാണാതായി എന്ന വാര്‍ത്ത പുറത്തുവന്ന സമയത്ത്, ദ്വാരപാലക ശില്പത്തിന്റെ ജോലി ഏല്‍പ്പിച്ചിരുന്ന ജോലിക്കാരന്റെ വീട്ടില്‍ ഈ പീഠം ഉണ്ടായിരുന്നുവെന്നാണ് സൂചന. വാര്‍ത്ത വന്നതിനു പിന്നാലെ ഇദ്ദേഹം പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ തിരികെ കൊണ്ടു വെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ ജോലിക്കാരനെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തപ്പോഴാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ തിരികെ ഏല്‍പ്പിച്ചിരുന്നതായി അറിയിച്ചത്. സ്‌പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്നും കണ്ടെടുത്ത ദ്വാരപാലക പീഠം ദേവസ്വം വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. ഇത് സ്‌ട്രോങ് റൂമിലേക്ക് മാറ്റി, പീഠം കണ്ടെടുത്ത കാര്യം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.