മഹാരാജാസ് ഹോക്കി ടർഫ് കേരളത്തിന്റെ കായിക ഭൂപടത്തിലെ പുതിയ അടയാളപ്പെടുത്തലാകും

മഹാരാജാസ് കോളേജിലെ ഹോക്കി ടർഫ് കേരളത്തിന്റെ കായിക ഭൂപടത്തിൽ പുതിയൊരു അടയാളപ്പെടുത്തലാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഒമ്പതര കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ മഹാരാജാസ് കോളേജിൽ നിർമ്മിച്ച ഹോക്കി ടർഫിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

]കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സവിശേഷ സാന്നിധ്യമായി നിലനിൽക്കുന്ന സ്ഥാപനമാണ് മഹാരാജാസ് കോളേജ്. ഇതിന് ആനുപാതികമായ പരിഗണനയാണ് കഴിഞ്ഞ പത്ത് വർഷമായി സർക്കാർ നൽകി വരുന്നത്. നിരവധി പദ്ധതികളാണ് ഇക്കാലയളവിൽ സംസ്ഥാന സർക്കാർ കോളേജിൽ യാഥാർത്ഥ്യമാക്കിയത്. ബോയ്സ് ഹോസ്റ്റൽ നവീകരണം, അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം, മൂന്ന് നിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറി കോംപ്ലക്സ്, ഓഡിറ്റോറിയം, സ്റ്റാഫ് ഹോസ്റ്റൽ നവീകരണം, കെമിസ്ട്രി സെമിനാർ ഹാൾ, സിന്തറ്റിക് ട്രാക്ക്, പുതിയ ലേഡീസ് ഹോസ്റ്റൽ, ബോയ്സ് ഹോസ്റ്റലിൽ മെസ്സ് ഹാൾ എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു.

കോളേജിന്റെ നൂറ്റിയൻപതാം വാർഷികത്തോടനുബന്ധിച്ച് സമർപ്പിച്ച
1.5 കോടിയുടെ പ്രൊപ്പോസലിന് അനുഭാവപൂർണമായ പരിഗണന നൽകും. കോളേജിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഹോക്കി ടർഫിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രെയിനേജ് സംവിധാനം ക്രമീകരിക്കുന്നതിന് 45 ലക്ഷത്തോളം രൂപ കൂടി അനുവദിച്ചതായും മന്ത്രി യോഗത്തിൽ അറിയിച്ചു. പരമാവധി വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഹോക്കി ടർഫ് യാഥാർത്ഥ്യമാക്കാൻ അകമഴിഞ്ഞ പിന്തുണ നൽകിയ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനെയും (സി.എസ്.എം.എൽ) നേതൃത്വപരമായ പങ്കുവഹിച്ച കൊച്ചി മേയറെയും മന്ത്രി അഭിനന്ദിച്ചു.

കേരളത്തിൽ സമഗ്ര മേഖലയിലും സംഭവിക്കുന്ന വികസനത്തിന്റെ ഉദാഹരണമാണ് മഹാരാജാസ് കോളേജിലെ പുതിയ ഹോക്കി ടർഫ് എന്ന് ചടങ്ങിൽ ആധ്യക്ഷം വഹിച്ചു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സമയബന്ധിതമായി പദ്ധതി നടപ്പിലാക്കിയ സി.എസ്.എം.എല്ലിനെയും പദ്ധതിക്ക് അനുമതി വാങ്ങിയെടുക്കാൻ മുന്നിൽ നിന്ന മേയറെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വികസനം എന്നത് എല്ലാ മേഖലയിലും സംഭവിക്കേണ്ട ഒന്നാണ്. അതിൽ ഏറെ പ്രാധാന്യമുള്ള മേഖലയാണ് സ്പോർട്സ്. മയക്കുമരുന്ന് ഉപയോഗം പോലുള്ള തെറ്റായ പ്രവണതകൾക്ക് എതിരെയുള്ള ഫലപ്രദമായ മറുമരുന്നായി സ്പോർട്സിനെ കാണാം. അതുകൊണ്ടുതന്നെ സർക്കാരിന്റെ വികസന അജണ്ടയിൽ സ്പോർട്സിന് വലിയ പരിഗണനയാണ് നൽകുന്നത്. ഇന്ത്യയുടെ അഭിമാന താരമായ പി.ആർ ശ്രീജേഷിന്റെ പിൻഗാമികളായി ഹോക്കി രംഗത്ത് പുതിയ കളിക്കാരെ വാർത്തെടുക്കാൻ പുതിയ ടർഫ് ഉപകരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കോളേജിലെ ജി.എൻ.ആർ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ടി.ജെ വിനോദ് എം.എൽ.എ , മേയർ അഡ്വ. എം. അനിൽ കുമാർ എന്നിവർ മുഖ്യാതിഥികളായി. വാർഡ് കൗൺസിലർ പത്മജ. എസ്. മേനോൻ, സി.എസ്.എം.എൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാജി. വി. നായർ, എം.ജി സർവകലാശാല സിന്റിക്കേറ്റ് അംഗം ഡോ. ടി.വി സുജ, കോളേജ് പ്രിൻസിപ്പൾ ഇൻ ചാർജ് ഡോ. ജി. എൻ പ്രകാശ്, ഗവേണിംഗ് ബോഡി അംഗം ഡോ. എം.എസ് മുരളി, കായിക വിഭാഗം അധ്യക്ഷ റീന ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് എൻ.വി വാസു, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സാഗർ, അധ്യാപകർ, വിദ്യാർത്ഥികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.