പ്രതിഷേധങ്ങള്‍ വന്നോട്ടെ, അത് തങ്ങള്‍ നേരിട്ടോളാമെന്ന് സുകുമാരന്‍ നായര്‍.

അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റ് ആരും പറയാത്തതുപോലെ എന്‍എസ്എസ് അതിന്റെ രാഷ്ട്രീയ നിലപാട് വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ വന്നോട്ടെ, അത് തങ്ങള്‍ നേരിട്ടോളാമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ‘ഫ്‌ലക്‌സുകള്‍ വന്നോട്ട, അത് എനിക്കൊരു പബ്ലിസിറ്റിയാകും. രാജിവയ്ക്കുന്നവര്‍ രാജിവച്ചോട്ടെ’- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗത്തിന് മുന്നിലാണ് ബാനര്‍. വിശ്വാസികളെ പിന്നില്‍ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്നെന്നും വിമര്‍ശനമുണ്ട്. കരയോഗത്തിലെ അംഗങ്ങള്‍ എന്ന പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, എന്‍എസ്എസ് പ്രതിനിധി സഭായോഗം ആരംഭിച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റും വരവു ചെലവ് കണക്കുകളും അംഗീകരിക്കാനാണ് യോഗം. അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങളും ചര്‍ച്ചയാകും.