ലഡാക്കിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആരാണ് ? സിബിഐ അനേഷണം

കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ സോനം വാങ്ചുക്കിൻ്റെ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി.

ലഡാക്കിലെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള സോനം വാങ്ചുക്കിൻ്റെ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ്, ലഡാക്ക് എന്ന സ്ഥാപനത്തിന് എതിരെയാണ് അന്വേഷണം. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. ഇതേത്തുടർന്ന് , സ്ഥാപനത്തിന് നൽകിയിരുന്ന ഭൂമിയുടെ പട്ടയം ലഡാക്ക് ഭരണകൂടം റദ്ദാക്കിയിരുന്നു.

കൂടാതെ, സോനം വാങ്ചുക്ക് ഈ വർഷം ഫെബ്രുവരിയിൽ പാകിസ്താൻ സന്ദർശിച്ചതും അന്വേഷിക്കുന്നുണ്ട്. ഇത് ഒരു സമാധാന സമ്മേളനത്തിന്‍റെ ഭാഗമായിരുന്നു എന്നാണ് വാങ്ചുക്ക് പറയുന്നത്. ഈ നീക്കങ്ങൾ സമരങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ലഡാക്കിലെ പ്രതിഷേധക്കാർ ആരോപിക്കുന്നു. എന്നാൽ, പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ വാങ്ചുക്ക് സമരത്തെ അക്രമാസക്തമാക്കാൻ ശ്രമിച്ചു എന്നാണ് കേന്ദ്ര സർക്കാർ
നിലപാട്.

2019-ൽ ജമ്മു-കശ്മീരിനെ വിഭജിച്ച് ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതു മുതൽ ഈ മേഖലയിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, പ്രദേശത്തെ ജനങ്ങൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ പ്രധാനമായും ഉന്നയിക്കുന്നത്. ഈ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ലഡാക്ക് അപെക്സ് ബോഡി , കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ലേയിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു.

തുടക്കത്തിൽ സമാധാനപരമായിരുന്ന ഹർത്താൽ പിന്നീട് അക്രമാസക്തമായി. നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ലേയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആരോഗ്യനില മോശമായ രണ്ട് സമരക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് യുവജന വിഭാഗം ഹർത്താലിന് ആഹ്വാനം ചെയ്തതെങ്കിലും, സംഘർഷങ്ങൾ ഉണ്ടായതോടെ സോനം വാങ്ചുക്ക് ഉൾപ്പെടെയുള്ള നേതാക്കൾ യുവാക്കളോട് സമാധാനപരമായി പിരിയണമെന്ന് അഭ്യർത്ഥിച്ചു.

ലഡാക്കിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സോനം വാങ്ചുക്കിന് 2018-ൽ റമോൺ മാഗ്സസെ അവാർഡ് ലഭിച്ചിരുന്നു.അടുത്തിടെ ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം ഇടക്കാല ഗവൺമെൻ്റിൻ്റെ മേധാവിയായി വന്ന മുഹമ്മദ് യൂനുസും ഈ ബഹുമതി നേടിയിരുന്നു.ഇരുവരൂം തമ്മിലുള്ള ബന്ധവും മററും സംശയങ്ങൾക്ക് വഴിവെയ്ക്കുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ലഡാക്ക് വിഷയത്തിൽ ചില അന്താരാഷ്ട്ര ശക്തികളുടെയും ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘ഡീപ് സ്റ്റേറ്റ്’ ഘടകങ്ങളുടെയും ഇടപെടലുകൾ ഉണ്ടെന്നുള്ള ആരോപണങ്ങൾ ചർച്ചയായിട്ടുണ്ട്.ലഡാക്കിന്റെ ഭാവി നിർണയിക്കുന്നതിൽ ഈ പ്രക്ഷോഭങ്ങൾ നിർണായകമായേക്കാം. കേന്ദ്രസർക്കാരിൻ്റെ നിലപാടും, പ്രതിഷേധങ്ങൾ ഏത് ദിശയിലേക്ക് നീങ്ങുമെന്നതും വരും ദിവസങ്ങളിൽ ഉറ്റുനോക്കേണ്ട വിഷയങ്ങളാണ്.