പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ സാധാരണ ജീവിതശൈലി രോഗങ്ങളെ മുൻകാല രോഗങ്ങളായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. അതിനാൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരാകരിക്കാനുള്ള കാരണമായി ഇത്തരം രോഗങ്ങളെ കണക്കാക്കുന്നത് നിയമവിധേയമല്ലായെന്ന് എന്ന് നിരവധി കോടതി ഉത്തരവുകളുണ്ട്.
ഒരാൾക്ക് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ സാധാരണ ജീവിതശൈലി രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രൊപ്പോസറുടെപ്രായത്തിൽ യാതൊരു പ്രാഥമിക മെഡിക്കൽ പരിശോധനയും കൂടാതെ ഹെൽത്ത് ഇൻഷുറൻസ് പോളിസി നൽകി റിസ്ക് എടുക്കാൻ കമ്പനി തയ്യാറാണെങ്കിൽ, പ്രൊപ്പോസറുടെ ക്ലെയിം അംഗീകരിക്കുവാനും കമ്പനി തയ്യാറാവേണ്ടതാണ്. പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ…

മിക്ക ആളുകൾക്കും തങ്ങൾക്കുള്ള രോഗത്തെക്കുറിച്ചോ, ലക്ഷണങ്ങളെ കുറിച്ചോ യാതൊരു അറിവുമു ണ്ടായിരിക്കില്ല. എന്നാൽ ഇൻഷുറൻസ് കമ്പനി തങ്ങളുടെ പോളിസിയിലെ ക്ലോസ് ഉയോഗിച്ച് മിക്ക ക്ലെയിമുകളും നിരാകരിക്കുന്നതായി കാണുന്നു.
ഒരാൾ പെട്ടെന്നു ഹോസ്പിറ്റലിൽ അഡ്മിറ്റായി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു എന്നതിന്റെ അർത്ഥം അയ്യാൾ വർഷങ്ങളായി രോഗം മറച്ചുവച്ചു ജീവിച്ചു എന്നല്ല. എപ്പോഴെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുമ്പോൾ മാത്രമാണ് അയാൾ തനിക്ക് ആ രോഗം ഉണ്ടെന്ന തിരിച്ചറിവും ഉണ്ടാവുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

രക്തസമ്മർദ്ദം, പ്രമേഹം, ശരീര വേദനകൾ, ജലദോഷം, തലവേദന, സന്ധിവാതം മുതലായവയെല്ലാം ആധുനിക ജീവിതത്തിന്റെ ഭാഗമാണ്. മരുന്നുകൾ കഴിച്ചു ഇത്തരം രോഗങ്ങൾ നിയന്ത്രിക്കുവാൻ ബുദ്ധിമുട്ടുമാണ്.
ആരോഗ്യകരമായ ജീവിതം നയിക്കുകയും തൻ്റെ കർത്തവ്യങ്ങളിലും ദൈനംദിന ജോലികളിലും ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ഒരു വ്യക്തി മുകളിൽ കൊടുത്തിരിക്കുന്ന രോഗങ്ങളാൽ മുൻ രോഗബാധിതനാണെന്ന് മെഡിക്കൽ പദങ്ങളാൽ പ്രഖ്യാപിച്ച് പോളിസി നിരസിക്കുന്നത് നിയമപരമല്ല.

ജനറൽ ഇൻഷുറൻസ് ബിസിനസ് നാഷണലിസേഷൻ ആക്ട് സെക്ഷൻ 19 അനുസരിച്ച്, ഇൻഷുറൻസ് പൊതുസമൂഹത്തിന് നന്മയ്ക്ക് വേണ്ടിയുള്ളതായിരിക്കണം.

ഒരു കരാറിൽ കക്ഷികൾ തമ്മിൽ Exclusions അംഗീകരിച്ചിട്ടുണ്ടെങ്കിൽപ്പോലും, നിശ്ചിത ലക്ഷ്യമായ ക്ലെയിം ലഭിക്കുവാൻ Exclusion വ്യവസ്ഥകൾ പ്രൊപ്പോസ്ർക്ക് അനുകൂലമായി വ്യാഖ്യാനിക്കണം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. നേരെമറിച്ച്ഇൻഷ്വർ ചെയ്ത വ്യക്തിയുടെ മുൻകാല രോഗത്തിൻ്റെ മറവിൽ മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം നൽകാതെ ഉപഭോക്താവിന്റെ പ്രീമിയം മാത്രം മേടിച്ചെടുക്കുവാനുള്ള ഒരു കരാർ മാത്രമായി മെഡിക്കൽ ഇൻഷുറൻസിനെ കാണുവാൻ പാടുള്ളതല്ലായെന്ന് കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്.
തയ്യാറാക്കിയത്
(Adv. K. B Mohanan
9847445075)
