ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കര്‍ പുരസ്കാര ജേതാവുമായ സല്മാന് റുഷ്ദിയുടെ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. റുഷ്ദിയുടെ ദ സാത്താനിക് വേഴ്സസ് എന്ന പുസ്തകം ഇന്ത്യയില്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

‘ദി സാത്താനിക് വേഴ്സസ്’ ഇന്ത്യയില്‍ വില്‍ക്കുന്നത് നിരോധിച്ച് 1988-ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി നടപടികള്‍ കഴിഞ്ഞ നവംബറില്‍ അവസാനിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പുസ്തകം ഇന്ത്യയില്‍ ലഭ്യമായെന്നും, അത് തടയണം എന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, ഹര്‍ജിക്കാര്‍ ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുകയാണ് എന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 1988 അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പുസ്തകം ഇന്ത്യയില്‍ നിരോധിച്ചത്. ‘ദി സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തില്‍ ദൈവനിന്ദ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന മുസ്ലീം വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ആയിരുന്നു നടപടി.