അടച്ചുറപ്പുള്ള വീട്ടിൽ പുതുജീവിതം;ഇവരുടെ ‘ലൈഫ്’ സുരക്ഷിതം

പ്ലാസ്റ്റിക് ഷീറ്റുകളും ഓലയും മേഞ്ഞ, ഇടിഞ്ഞു വീഴാറായ വീടുകളിൽനിന്ന് അടച്ചുറപ്പുള്ള കോൺക്രീറ്റ് വീടുകളിൽ പുതു ജീവിതം നയിക്കുകയാണ് ചോറ്റാനിക്കര പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾ.

മഴവെള്ളം അകത്ത് വീഴുമെന്ന ഭയമില്ലാതെ, പാമ്പും ഇഴജന്തുക്കളും കയറി വരുമെന്ന പേടിയില്ലാതെ, സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഇവർ. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയാണ് ഇവരുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയത്.

ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച ചോറ്റാനിക്കര പഞ്ചായത്തിലെ തങ്കമണി വേലപ്പൻ

മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾക്ക് കീഴിൽ, പാത്രങ്ങൾ വെച്ച് മഴവെള്ളം തടഞ്ഞ് ഉറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നതായി ആറാം വാർഡിൽ ലക്ഷം വീട്ടിൽ 85 വയസ്സുള്ള തങ്കമണി വേലപ്പൻ പറയുന്നു. ദുരിതപൂർണമായ അവസ്ഥയിൽ നിന്നാണ് ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയത്. തൻ്റെ വർഷങ്ങളുടെ പ്രാർത്ഥനയാണ് പദ്ധതിയിലൂടെ യാഥാർത്ഥ്യമായതെന്ന് അവർ പറയുന്നു.

ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച ചോറ്റാനിക്കര പഞ്ചായത്തിലെ ലതിക

വർഷങ്ങൾ പഴക്കമുള്ള, മഴ പെയ്യുമ്പോൾ ഭിത്തികൾ ഇടിഞ്ഞുവീഴുന്ന അവസ്ഥയിലായിരുന്നു. വീട്ടിലെ കഴിഞ്ഞ കാലത്തെ കുറിച്ച് പറയുകയാണ് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉദയ കവലയിൽ താമസിക്കുന്ന ലതിക. വീട് ഒരു സ്വപ്നം മാത്രമായിരുന്നപ്പോഴാണ് സർക്കാരിന്റെ ലൈഫ് പദ്ധതി ലതികയ്ക്ക് തുണയായത്.

ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച ഷീബ

പൊട്ടിപ്പൊളിഞ്ഞ ചുമരുകളുള്ള വീട്ടിൽ പാമ്പുകളുടെ ശല്യം ഒരു പേടിസ്വപ്നമായിരുന്നുവെന്ന് ആറാം വാർഡിൽ വെട്ടിക്കലിൽ താമസിക്കുന്ന ഷീബ ഓർത്തെടുക്കുന്നു. പേടിച്ചാണ് ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്. ഇപ്പോൾ ലൈഫ് പദ്ധതിയിലൂടെ ഒരു വീട് കിട്ടിയതിൽ ഏറെ സന്തോഷമുണ്ട്.

ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച ജയ വർഗീസ്

ഷീറ്റുകൾ കൊണ്ട് മറച്ചിരുന്ന വീട്ടിൽ നിന്നും രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയുമുള്ള ഒറ്റനില വീട്ടിലേക്ക് മാറിയതിന്റെ സുരക്ഷിതത്വം വളരെ വലുതാണെന്നു ആറാം വാർഡിൽ ലക്ഷംവീട്ടിൽ ജയ വർഗീസ് പറയുന്നു. ” അടച്ചുറപ്പുള്ള വീട് എന്ന ഞങ്ങളുടെ സ്വപ്നമാണ് ലൈഫ് പദ്ധതിയിലൂടെ യാഥാർത്ഥ്യമായത്.”

ജീവിതത്തിൽ സ്വപ്നം മാത്രമായിരുന്ന വലിയൊരു ആഗ്രഹം യാഥാർത്ഥ്യമായതിന്റെ സന്തോഷവാക്കുകളാണ് പഞ്ചായത്തിൽ ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട്ടിൽ കഴിയുന്ന ഓരോരുത്തർക്കും പറയാനുള്ളത്. വർഷങ്ങളോളം ദുരിതപൂർണമായ സാഹചര്യങ്ങളിൽ ജീവിച്ച ഇവർക്ക് പുതിയ വീടുകൾ വെറും കെട്ടിടങ്ങൾ മാത്രമല്ല, സുരക്ഷിതത്വത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും പ്രതീകം കൂടിയാണ്.

സർക്കാരിന്റെ അഭിമാനമായ ലൈഫ് മിഷൻ പദ്ധതിയിലൂടെ ചോറ്റാനിക്കരയിൽ മാത്രം 105 കുടുംബങ്ങളാണ് സ്വന്തം വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. 149- മത്തെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ലൈഫ് പദ്ധതിയിലൂടെ അനവധി പേരുടെ സ്വപ്നത്തിനൊപ്പം സഞ്ചരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ആർ. രാജേഷ് പറഞ്ഞു. സ്വന്തമായി വീടില്ലാത്തവർക്ക് ആശ്വാസമാണ് സർക്കാരിൻ്റെ ലൈഫ് പദ്ധതി. ഇത് പഞ്ചായത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചത് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.