ടി.ജെ വിനോദ് എം.എൽ.എ എറണാകുളം നിയോജകമണ്ഡലത്തിലെ സർക്കാർ, സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി ബി.പി.സി.എൽ സഹായത്തോടെ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതിയായ ഗുഡ് മോർണിങ്ങ് എറണാകുളം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യമാണ് വിശപ്പ് അടക്കുക എന്നുള്ളത്. തിരക്കേറിയ ജീവിതത്തിൽ പ്രാഭാത ഭക്ഷണം നൽകി വിദ്യാർഥികളെ സ്കൂളിലേക്കു അയക്കുക എന്നുള്ളത് മാതാപിതാക്കൾക്ക് ഒരു വെല്ലിവിളിയായി മാറുന്ന ഈ കാലഘട്ടത്തിൽ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം സ്കൂളിൽ ഒരുക്കി നൽകുന്ന ഗുഡ് മോർണിങ്ങ് എറണാകുളം പദ്ധതി വളരെ ദീഘവീക്ഷണത്തോടെ ഉള്ളതാണ് എന്നും, എറണാകുളത്ത് ടി ജെ വിനോദ് എം.എൽ.എ നടത്തുന്ന ഈ പദ്ധതി സംസ്ഥാനത്തിന് മുഴുവൻ മാതൃക ആകാവുന്നത് ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

തുടർച്ചയായി ഇത് നാലാമത്തെ വർഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. 37 വിദ്യാലയങ്ങളിലായി 7970 വിദ്യാർഥികളാണ് ഈ വർഷം പദ്ധതിയിലൂടെ ദിവസവും പ്രഭാത ഭക്ഷണം കഴിക്കുന്നത്.

പെരുമാനൂർ സെൻ്റ്. തോമസ് സ്കൂളിൽ ടി.ജെ വിനോദ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ജോർജ് തോമസ്, എച്ച് ആർ മാനേജർ വിനീത് വർഗീസ്, ചേരാനാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേഷ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ സുബിൻ പോൾ, ഡി.ഇ.ഒ സക്കീന മലയിൽ, തേവര അർബൻ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.കെ രാധാകൃഷ്ണൻ, സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്സ്മിൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ലിജോ ആൻ്റണി, കൗൺസിലർമാരായ ലതിക ടീച്ചർ, ബെൻസി ബെന്നി, എം.ജി അരിസ്റ്റോട്ടിൽ, മിനി വിവേര, മിനി ദിലീപ്, രജനി മണി, ആന്റണി കുര്യത്തറ, ചേരാനല്ലൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ രമ്യ തങ്കച്ചൻ, റിനി ഷോബി, സ്റ്റെൻസ്ലാവോസ്, വിൻസി ഡെറിസ്, മരിയ ലില്ലി ഉൾപ്പടെയുള്ളവർ സംബന്ധിച്ചു.
