എൻഎസ്എസിന് സർക്കാരിനെ വിശ്വാസമെന്ന് ജി.സുകുമാരൻ നായർ. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ് എന്ന് സുകുമാരൻ നായർ പറഞ്ഞു. . സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം. അത് ചെയ്തില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റേത് കള്ളക്കളിയാണെന്നും വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തില്‍ എൻഎസ്എസ് പങ്കെടുത്തിരുന്നു. അതേസമയം, ബദൽ അയ്യപ്പ സംഗമത്തിൽ നിന്ന് എൻഎസ്എസ് വിട്ടുനിന്നത് പരിപാടി ഒരുക്കിയ ഹൈന്ദവ സംഘടനകൾക്ക് തിരിച്ചടിയായി. അയ്യപ്പ സംഗമത്തിന് സുകുമാരൻ നായർ നേരത്തെ പിന്തുണ അറിയിച്ചിരുന്നുവെന്ന് മന്ത്രി വി.എന്‍.വാസവന് വ്യക്തമാക്കി. അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണ്.സന്തോഷകരമായ സമീപനമാണ് സുകുമാരൻ നായർ സ്വീകരിച്ചത്.എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു.സുകുമാരൻ നായരുടെ നിലപാട് സ്വാഗതാർഹമാണെന്നും വാസവൻ പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വമാണ് ആഗോള അയ്യപ്പ സംഗമം പമ്പയിൽ സംഘടിപ്പിച്ചത്. ശബരിമല വികസനത്തിന് 18 അംഗ സമിതിയെ നിയോഗിച്ചതാണ് അയ്യപ്പ സംഗമത്തിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. രാജ്യത്തിന്റെ തീർഥാടന ഭൂപടത്തിൽ ശബരിമലയുടെ സ്ഥാനം കൂടുതലായി അടയാളപ്പെടുത്താൻ സംഗമത്തിലൂടെ കഴിഞ്ഞുവെന്നാണ് ദേവസ്വം ബോർഡിന്റെ വാദം.

എൻ.എസ്.എസ്., എസ്.എൻ.ഡി.പി. ഉൾപ്പടെയുള്ള പ്രമുഖ ഹൈന്ദവ സംഘടന നേതാക്കൻമാരെ സംഗമത്തിൽ കൊണ്ടുവരാനായത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ, പികെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ എന്നിവരടക്കം നിരവധി നേതാക്കൾ പങ്കെടുത്തിരുന്നു.
